തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കഞ്ചാവുവേട്ട. രണ്ട് കാറുകളിൽ കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവാണ് ബാലരാമപുരത്തിന് സമീപത്തുവച്ച് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിന്തുടർന്ന് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതാണ് കഞ്ചാവ്.
എക്‌സൈസ് സംഘം വാഹനം കുറുകെയിട്ട് തടഞ്ഞതോടെ കഞ്ചാവുകടത്തുകയായിരുന്ന കാറുകൾ ഡിവൈഡറിലിടിച്ച് നിന്നു. എക്‌സൈസുകാരെ ആക്രമിച്ച് കാർ വീണ്ടും മുന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ രണ്ട് പേരെ എക്സൈസ് സംഘം കീഴടക്കുകയായിരുന്നു. മറ്റുളളവർ ഓടി രക്ഷപ്പെട്ടു. ജോയ്,സുരേഷ് എന്നിവരാണ് എക്‌സൈസ് കസ്റ്റഡിയിലുളളത്. ഇവർ തിരുവനന്തപുരം സ്വദേശികളാണ്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സി.ഐ.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
മെഡിക്കൽ കോളേജ് സ്വദേശി ജോയ്, വഞ്ചിയൂർ സ്വദേശി സുരേഷ് എന്നിവരെയാണ് പിടികൂടിയത്. മണ്ണന്തല രഞ്ജിത് കൊലക്കേസ്, കണ്ണാടി ഷാജി കൊലക്കേസ് എന്നിവയിലെ പ്രതിയാണ് സുരേഷ്.