mi-store

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളെ തുടർന്ന് ചൈനീസ് ഉൽപന്നങ്ങളുടെ വിപണി രാജ്യത്ത് ഏതാണ്ട് താറുമാറായിരുന്നു. കൊവിഡ് ലോക്ഡൗൺ മൂലമുണ്ടായ പ്രതിസന്ധിയും ഇരു രാജ്യങ്ങളുടെയും സംഘർഷവും ചൈനീസ് ബഹുരാഷ്‌ട്ര കമ്പനിയായ ഷവോമിയ്‌ക്ക് ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. തേടി വരാത്ത കസ്‌റ്റമറെ അവരുടെ അടുത്തേക്ക് പോയി കാണാൻ ഒരുങ്ങുകയാണ് കമ്പനി.

ഗ്രാമീണമേഖലയിൽ സഞ്ചരിക്കുന്ന സ്‌റ്റോർ ഒരുക്കിയിരിക്കുകയാണ് ഷവോമി. പ്രതിവാര ചന്ത ചേരുന്ന ഗ്രാമ ഭാഗങ്ങളിൽ നിശ്‌ചിത സ്ഥലങ്ങളിൽ ഓടിയെത്തുന്ന ഈ സ്‌റ്റോറുകൾ അവിടെ നിർത്തി സാധനങ്ങൾ വിൽപന നടത്തും. സ്‌മാർട്‌ഫോണുകൾ, സിസിടിവി ക്യാമറകൾ, ഇയർഫോണുകൾ, സൺഗ്ളാസുകൾ, പവർബാങ്കുകൾ എന്നിവയാണ് ഇങ്ങനെ സ്‌റ്റോറിലൂടെ വിൽക്കുക. വിൽപനശാലകളിലെ തിരക്ക് ഒഴിവാക്കാനും ലോക്‌ഡൗൺ കാലത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാനുമാണ് ഷവോമി ഇത്തരത്തിൽ വിൽപനയുമായി എത്തുന്നത്. അതിർത്തി സംഘർഷവും ലോക്ഡൗൺ കാലത്തെ കുഴപ്പവുമുണ്ടെങ്കിലും ജൂൺ മാസം മുതലുള‌ള ത്രൈമാസ കണക്കിൽ സ്‌മാർട്ട്ഫോൺ മാർക്ക‌റ്റിലെ ഒന്നാമൻ ഷവോമിയാണ്.

എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടെയുമാകും ഇത്തരം വിൽപനകേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്ന് ഷവോമി ഇന്ത്യ ചീഫ് ഓപ്പറേ‌റ്റിംഗ് ഓഫീസർ മുരളീകൃഷ്‌ണൻ.ബി അറിയിച്ചു.