മൈക്കിൾ ചാപ്മാന്റെ വിയോഗത്തോടെ കാമറയിൽ കവിത രചിച്ച ഒരു ഇതിഹാസം കൂടി വിടപറയുകയാണ്
ലോക സിനിമ പ്രേക്ഷകരുടെ കണ്ണുകളിൽ വിസ്മയം തീർത്ത ഹോളീവുഡ്ഢ് ഛായാഗ്രാഹകൻ മൈക്കിൾ ചാപ്മാൻ ഇനിയില്ല.
1970 കളിലെ അമേരിക്കൻ ന്യൂ വേവിന്റെ ചിത്രങ്ങളിലും 1980കളിൽ സംവിധായകരായ മാർട്ടിൻ സ്‌കോർസെ, കാൾ റെയ് നർ, ഇവാൻ റീറ്റ്മാൻ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവർത്തിച്ചു.അനവധി ചിത്രങ്ങളുടെ കാഴ്ചയായി മൈക്കൽ ചാപ്മാൻ മാറി.ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. അദ്ദേഹത്തിന്റെ ജീവിത പങ്കാളിയും പ്രമുഖ തിരക്കഥാകൃത്തും സംവിധായികയുമായ ആമി ഹോൾഡൻ ജോനാസണ് തന്റെ പ്രിയപ്പെട്ടവന്റെ വിടവാങ്ങൽ ഹൃദയ വേദനയോടെ പുറം ലോകത്തെ അറിയിച്ചത്. ഒപ്പം ആമി ഇങ്ങനെ കുറിച്ചു ..'മൈക്കിൾ ചാപ്മാൻ പോയി , ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം കടന്നുപോയി.നമുക്ക് വീണ്ടും കണ്ടുമുട്ടാം'.
ചാപ്മാന്റെ ദൃശ്യമികവുകളെ അടയാളപ്പെടുത്തിയ സിനിമകളെല്ലാം അംഗീകാരങ്ങൾ വാരികൂട്ടിയിരുന്നു. രണ്ടു തവണ മികച്ച ഛായാഗ്രാഹകനുള്ള ഓസ്‌കാർ നോമിനേഷൻ ചാപ്മാനെ തേടിയെത്തി. റേജിംഗ് ബുൾ,ദി ഫ്യുജിറ്റീവ് എന്നീ ചിത്രങ്ങളുടെ അത്ഭുത കാഴ്ചകൾക്കായിരുന്നു ഓസ്‌കാർ നോമിനേഷൻ ലഭിച്ചത്. കാനിൽ പാം ഡി ഓർ നേടിയ മാർട്ടിൻ സ്കോർസെയുടെ ടാക്സി ഡ്രൈവർ ചാപ്മാനെ ലോക പ്രശസ്തനാക്കി.റോബർട്ട ഡി നെറോയും ജൂഡി ഫോസ്റ്ററും തകർത്തഭിനയിച്ച ചിത്രം വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.ചാപ്മാന്റെ കാമറ സിനിമയുടെ മുഖ്യ ആകർഷണമായിരുന്നു. ടാക്‌സി ഡ്രൈവറിന്റെ ചിത്രീകരണം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് നടപ്പാതയുടെ കവിയെന്ന വിളിപ്പേര് കിട്ടി. എന്നാൽ അദ്ദേത്തിന്റെ സഹപ്രവർത്തകർ വിളിച്ചു ചാപ്പിയെന്ന്.സ്കോർസെയുടെ തന്നെ റേജിംഗ് ബുള്ളായിരുന്നു ചാപ്മാന് കീർത്തി നേടിക്കൊടുത്ത മറ്റൊരു ചിത്രം. ഹാരിസൺ ഫോർഡിനെ നായകനാക്കി ആൻഡ്രൂ ഡേവിസ് സംവിധാനം ചെയ്ത ഫുജിറ്റീവാണ് ചാപ്മാന്റെ മറ്റൊരു മാസ്റ്റർ പീസ്.
1935 ൽ ന്യൂയോർക്ക് സിറ്റിയിലാണ് മൈക്കിൾ ചാപ്മാൻ ജനിച്ചത്.സിനിമയുമായി ഒരു ബന്ധവുമില്ലാത്ത പ്രാന്ത പ്രദേശത്ത് ജനിച്ച ചാപ്പ്മാന് സിനിമ എന്നത് വിദൂരമായ സ്വപ്നം മാത്രമായിരുന്നു. പഠനകാലത്ത് ഫോട്ടോഗ്രഫിയെക്കാളും ചിത്രം വരയെക്കാൾ താത്പര്യം സ്‌പോർട്‌സിനോടായിരുന്നു. സ്‌കൂൾ പഠനത്തിന് ശേഷം കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും ബിരുദാന്തര ബിരുദവും നേടി.ആദ്യകാലങ്ങളിൽ പരസ്യ ചിത്രങ്ങളിൽ അസിസ്റ്റന്റായി അദ്ദേഹം ജോലി ചെയ്തു. അന്ന് ന്യൂയോർക്കിൽ മതിയായ ഫീച്ചർ ഫിലിമുകൾ ചിത്രീകരിക്കപ്പെട്ടിരുന്നില്ല.
1973 ൽ ദി ലാസ്റ്റ് ഡീറ്റൈൽ എന്ന ചിത്രത്തിലൂടെ ലോക സിനിമയിലേക്ക് അദ്ദേഹം കാലെടുത്ത് വച്ചു. ദി നെക്സ്റ്റ് മാൻ,ടാക്‌സി ഡ്രൈവർ,പേർസണൽ ബീസ്റ്റ്, റേജിംഗ് ബുൾ,ദി ലാസ്റ്റ് വാൾട്ട്‌സ്, ഷൂട്ട് ആൻഡ് കിൽ, സ്‌പേസ് ജാം,ദി സ്റ്റോറി ഒഫ് അസ്,ഹൂട്ട്... തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ചാപ്മാൻ കാമറ ചലിപ്പിച്ചു. 2007ൽ ബ്രിഡ്ജ് ടൂ തേർബിറ്റിയ എന്ന ചിത്രത്തിനാണ് അവസാനമായി അദ്ദേഹം കാഴ്ച പകർന്നത്. ഇതിനിടയിൽ അദ്ദേഹം സംവിധായകന്റെ കുപ്പായവും അണിഞ്ഞിരുന്നു. ക്ലാൻ ഓഫ് ദ കേവ് ബിയർ, ഓൾ ദി റൈറ്റ് മൂവ്‌സ് എന്നീ ചിതങ്ങളാണ് സംവിധാനം ചെയ്തത്.അമേരിക്കൻ സിനിമാട്ടേഗ്രഫി സൊസൈറ്റിയിലെ ( എ.എസ്.സി ) പ്രധാന അംഗമായിരുന്നു.ചാപ്മാന്റെ വിയോഗത്തോടെ കാമറയിൽ കവിത രചിച്ച ഒരു ഇതിഹാസം വിടപറയുകയാണ്.