ന്യൂഡൽഹി: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഇതര ഉപജീവന മാർഗമില്ലാതെ ദുരിതത്തിലായ ലൈംഗിക തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകുന്നതിൽ തീരുമാനം അറിയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി ഒരാഴ്‌ചത്തെ സമയം നൽകി. ജസ്റ്റിസുമാരായ എൽ.എൻ റാവു, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
ഇതൊരു സാമൂഹ്യ വിഷയമാണ്. റേഷൻ കാർഡുകൾ ഇല്ലാത്തതിനാൽ ആളുകൾക്ക് റേഷൻ ലഭിക്കുന്നില്ല. ലൈംഗിക തൊഴിലാളികൾ കടുത്ത ദുരിതത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2020 മാർച്ച് 24ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ലൈംഗിക തൊഴിലാളികൾക്ക് ജോലിയോ വരുമാനമോ ഇല്ല. ഏപ്രിൽ, മെയ് മാസങ്ങളിൽ ലൈംഗിക തൊഴിലാളികൾ അവരുടെ തുച്ഛമായ സമ്പാദ്യത്തിൽ ജീവിക്കുകയും അതിജീവനത്തിനായി അമിത പലിശ നിരക്കിൽ വായ്പ എടുക്കുകയോ ചെയ്തു. മിക്കവരും വ്യക്തികളും ജീവകാരുണ്യ സംഘടനകളും നൽകുന്ന സഹായാത്താലാണ് ജീവിതം തള്ളി നീക്കുന്നതെന്ന് ദർബാർ മഹിള സമൻവയ കമ്മിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.
ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തെ തുടർന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. ഇവിടങ്ങളിൽ 1.2 ലക്ഷം ലൈംഗിക തൊഴിലാളികളിൽ 52 ശതമാനം മാത്രമാണ് പൊതുവിതരണ സമ്പ്രദായത്തെ ആശ്രയിക്കുന്നത്. മറ്റ് നഗരങ്ങളിലെ സ്ഥിതി ഇതിലും മോശമാണ്.
എൽ.പി.ജി സിലിണ്ടറുകൾ അനുവദിക്കുന്നതിനായി ഉജ്‌വല പദ്ധതി പ്രകാരം ലൈംഗിക തൊഴിലാളികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന സർവേയിൽ 1.2 ലക്ഷം ലൈംഗിക തൊഴിലാളികളിൽ എട്ട് ശതമാനം പേർക്ക് മാത്രമേ പാചക വാതക പദ്ധതി പ്രയോജനപ്പെടുത്താനാകൂ എന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുളള ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓർഗനൈസേഷന്റെ (നാക്കോ) കണക്കനുസരിച്ച് രാജ്യത്ത് 8.68 ലക്ഷത്തിലധികം സ്ത്രീ ലൈംഗിക തൊഴിലാളികളുണ്ട്. 17 സംസ്ഥാനങ്ങളിലായി 62,137 ട്രാൻസ്‌ജെൻഡർ വ്യക്തികളുമുണ്ട്. ഇതിൽ 62 ശതമാനം പേർ ലൈംഗിക ജോലികളിൽ ഏർപ്പെടുന്നു.