narayana-guru

നാം ശരീരമല്ല അറിവാകുന്നു എന്ന് ഗുരു അരുളിചെയ്തിട്ടുണ്ട്. ശരീരം ഉണ്ടാകുന്നതിനു മുമ്പും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെ ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടേയിരിക്കും - എന്നും ഗുരു അരുളിചെയ്തു. കണ്ണുകൊണ്ട് കാണുന്നതെല്ലാം ഇല്ലാതായാലും പ്രകാശിച്ചു കൊണ്ടിരിക്കുന്നതാണ് ഗുരു എന്ന് ഇതിനേക്കാൾ ലളിതമായി പറയാനാവില്ല. ഈ ദിവ്യസത്യത്തിൽ നിന്നുകൊണ്ടു വേണം ഗുരുവിലേക്കു സഞ്ചരിക്കാൻ.

ഗുരുവായും പ്രവാചകനായും ദൈവമായും നവോത്ഥാന നായകനായും കാണുന്ന ശ്രീനാരായണഗുരുവിന് ഉചിതമായ സ്മാരകം തീർക്കുന്നതിൽ ഇടതുസർക്കാർ പുലർത്തുന്ന കരുതലിനെ നമസ്‌കരിച്ചുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.

അപരിമേയമായ അകംപൊരുളിന്റെ ആകാശമാണ് ഗുരു. ചിദംബരത്തിലേക്കുള്ള ആ വാതായനം ഒരേസമയം ലളിതവും അഗാധവുമാണ്. അടുത്ത കാലത്തായി ഗുരുദേവനെ ഭഗവാൻ ശ്രീനാരായണഗുരു എന്നും വിളിച്ചു കേൾക്കുന്നു. ഗുരുദേവൻ എന്നതിനേക്കാൾ വ്യാപ്തിയുള്ള നാമമാണ് ഭഗവാൻ ശ്രീനാരായണഗുരു എന്നാണോ അവർ അർത്ഥമാക്കുന്നത്? ഏതായാലും ആത്മഹർഷത്തോടെ ഇങ്ങനെ ചിലർ വിളിക്കുന്നുണ്ട്. ഭഗവാൻ രജനീഷ്, ഭഗവാൻ സത്യസായി ബാബ എന്നൊക്കെ പറയുമ്പോലെ ഒരു വിളി ശ്രീനാരായണഗുരുവിനെ വിളിക്കേണ്ടതുണ്ടോ? ആലോചിക്കേണ്ടത് അങ്ങനെ വിളിക്കുന്നവർ തന്നെയാണ്. അതെന്തായാലും ഗുരുവല്ലോ പരദൈവം എന്ന് ചൊല്ലിയ മഹാകവിയെ നമസ്‌കരിച്ചു കൊണ്ട് തൃപ്പാദങ്ങളിലേക്ക് സഞ്ചരിക്കാനാണ് എനിക്കിഷ്ടം.

കാലാകാലങ്ങളിൽ വന്നുപെടുന്ന ദുര്യോഗങ്ങൾ ഓരോ ജനവിഭാഗത്തിനും വ്യത്യസ്തമായിരിക്കും. അതിനെ തിരുത്തി ശരിയായ വഴിയിലേക്കു നയിക്കുകയാണ് പ്രവാചകന്മാരുടെ അവതാരോദ്ദേശ്യം.

പലമതസാരവും ഏകം എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്. ഉപാസകർ ദൈവത്തിന് പല രൂപങ്ങൾ കാണുന്നുണ്ട്. ഹൈന്ദവവിശ്വാസികൾ ദൈവത്തെ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരായി കാണുന്നു. അതിനോട് ഗുരു വിയോജിച്ചിട്ടില്ല, എന്നുമാത്രമല്ല അത്തരം ഉപാസനകൾക്കായി ക്ഷേത്രപ്രതിഷ്ഠകൾ നടത്തുകയും ചെയ്തു. ആ പ്രതിഷ്ഠായാത്ര ചെന്നെത്തിയത് ദീപപ്രതിഷ്ഠയിലും കണ്ണാടിപ്രതിഷ്ഠയിലുമാണ്. ഈ യാഥാ‍ർത്ഥ്യം തിരിച്ചറിയുമ്പോഴാണ് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശത്തിന്റെ അകംപൊരുൾ വെളിവാകുന്നത്. നിശ്ചയമായും ഈ വിശ്വപ്രപഞ്ചത്തിലാകെ നിറഞ്ഞു നിൽക്കുന്ന പരംപൊരുളാണ് ആ ദൈവം. നോക്കുന്ന ജീവി ഏതായാലും കണ്ണാടിയിലൂടെ പ്രതിഫലിക്കുന്ന സ്വരൂപമാണ് അവിടത്തെ ജാതി. അത് തിരിച്ചറിയുന്ന മാനവനാണ് അവിടത്തെ മനുഷ്യൻ. അതുകൊണ്ടാണ് ഭക്തി ഇല്ലാത്ത ജീവിതത്തിന് ഉപ്പില്ലാത്ത ചോറ് കൊടുക്കണമെന്നും ശീലിച്ചാൽ ഒന്നും പ്രയാസമില്ല, തീയിലും നടക്കാം എന്നും ഗുരു അരുളിചെയ്തത്. പ്രധാന ദേവാലയം വിദ്യാലയം ആയിരിക്കണം എന്നും ഗുരു പറഞ്ഞിരുന്നു. എന്ത് ചെയ്യാം ദേവാലയങ്ങളേക്കാൾ വലിയ കച്ചവടസ്ഥാപനങ്ങളായി വിദ്യാലയങ്ങൾ മാറി.

ഈ ലോകം സത്യത്തിലാണ് സ്ഥിതി ചെയ്യുന്നതെന്നും അതുകൊണ്ട് കള്ളം പറയരുതെന്നും ഗുരു ഉദ്ബോധിപ്പിച്ചു. പക്ഷേ, കള്ളന്മാരുടെയും കള്ളം കുലത്തൊഴിലാക്കിയവരുടെയും എണ്ണം നിരന്തരം പെരുകുന്നു. അതിനു മാത്രം ജാതിയോ മതമോ കുലമഹിമയോ ബിരുദങ്ങളോ ബാധകമാകുന്നില്ല. ജാതിഭേദവും മതദ്വേഷവും രാഷ്ട്രീയ വ്യത്യാസവുമില്ലാതെ പ്രാക്ടീസ് ചെയ്യാവുന്ന ഒന്നാക്കി അതിനെ മാറ്റി മനുഷ്യർ എന്നതാണ് പുതിയ കാലത്തിന്റെ വിശേഷം. അതാണ് ആധുനിക മനുഷ്യൻ നേരിടുന്ന ദുര്യോഗം. ഒരു കള്ളവും പറയാതെ ഒരു ദിവസംപോലും തള്ളിനീക്കാനാവാത്ത ചുറ്റുപാടിന്റെ ഇരുട്ട് എത്ര ഭയായനകമാണെന്നു പോലും നമ്മൾ ഓർക്കുന്നില്ല. മേൽജാതി എന്നും കീഴ്‍ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥന്മാരുണ്ടാക്കിയ കെട്ടുകഥമാത്രമാണെന്നും അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ലെന്നും ഗുരു വ്യക്തമാക്കിയിട്ടുണ്ട്. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്‍ജാതി ഉണ്ടെന്ന വിശ്വാസം മനസിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു- എന്നും ഗുരു ഓർമ്മിപ്പിച്ചിട്ടുണ്ട്.

യേശുദേവനോട് ഒരിക്കൽ ഒരു ശിഷ്യൻ ചോദിച്ചു- അങ്ങയുടെ ദൈവ സാമ്രാജ്യം എങ്ങനെയുള്ളതാണ് എന്ന്. അവിടെ കാലഗണന എന്നൊന്ന് ഉണ്ടായിരിക്കുകയേ ഇല്ല എന്നായിരുന്നു മറുപടി. കാലമുള്ളത് മനുഷ്യൻ ജീവിക്കുന്ന ഈ ഭൂമിയിലാണ്. ഇവിടെ കാലം മാത്രമല്ല, അനവധി ദേശങ്ങളും അതിനൊത്ത മനുഷ്യകുലങ്ങളുമുണ്ട്. അവർക്കെല്ലാം വിഭിന്നങ്ങളായ ജീവിതരീതികളും സങ്കല്പങ്ങളുമുണ്ട്. ഓരോ കാലദേശങ്ങൾക്കും അനുസൃതമായി വിശ്വാസങ്ങളുമുണ്ട്. ഇതൊന്നും ആലോചിക്കാതെയാണ് മതങ്ങളെയും വിശ്വാസങ്ങളെയും കുറിച്ച് ചർച്ചകളും വാദപ്രതിവാദങ്ങളുമായി മനുഷ്യർ പലപ്പോഴും നീങ്ങുന്നത്. ഗുരു ദർശിച്ചത് ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന ഒരു ലോകമാണ്. അവിടെ സർവചരാചരങ്ങൾക്കും അല്ലലില്ലാതെ പുലരാനുള്ള പരിതോവസ്ഥ ഉണ്ടാകണം. അതിനു വേണ്ടിയാണ് ഗുരു തന്റെ ആയുസും വപുസും അർപ്പിച്ചത്. പരംപൊരുളിന്റെ അരുളപ്പാടുള്ള സമർപ്പണമായിരുന്നു അത്.

ഗുരുവിനെ ദൈവമായി ദർശിക്കുകയൊ ഗുരുവിലൂടെ ദൈവത്തെ കാണുകയൊ ചെയ്യാം. കൺമുമ്പിലൂടെ നടന്നുപോയ മനീഷിയായും ഗുരുവിനെ കാണാം. എനിക്ക് ഗുരു ദൈവസങ്കല്പത്തിലെ നിത്യപ്രകാശമാണ്.