ന്യൂഡൽഹി: ഞായറാഴ്ച കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും പ്രതിഷേധം തുടരുമ്പോഴും ഭാവിയിൽ കർഷകന് ഏറെ അനുഗ്രഹമാകുന്ന ബില്ലുകളായിരിക്കും ഇതെന്ന വാദമാണ് സർക്കാരിന്റേത്. കടക്കെണിയിലായി ആത്മഹത്യയിലേക്ക് നയിക്കുന്ന ഇന്ത്യൻ കർഷകന്റെ ചിത്രം മാറുകയാണെന്നും കാർഷികവൃത്തി ചെയ്യുന്നവർക്ക് സ്വാതന്ത്ര്യം നൽകുന്നതിനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ വിശദീകരിക്കുന്നു. എന്നാൽ, ബിൽ പൂർണ്ണമായും കർഷക വിരുദ്ധമാണെന്നാണ് കർഷക സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ആരോപണം. അതുകൊണ്ടുതന്നെ ബില്ലിനെ സംബന്ധിച്ച വിവാദവും പ്രക്ഷോഭവും രാജ്യത്താകമാനം ഉയരുകയാണ്.
ഇൗ വർഷം സർക്കാർ കൊണ്ടുവന്ന രണ്ട് ഓർഡിനൻസുകൾക്ക് പകരമാണ് പുതിയ കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാർഷിക സേവനങ്ങൾക്കുമുള്ള കാർഷിക (ശാക്തീകരണ, സംരക്ഷണ) കരാർ 2020 ബിൽ എന്നിവ കൊണ്ടുവന്നത്. ഇൗ ബില്ലുകൾ ഒരുമിച്ച് അവതരിപ്പിക്കുകയായിരുന്നു. കർഷകരുടെ അഭിവൃദ്ധിയ്ക്കു വേണ്ടിയാണ് ബില്ലുകൾ പാസാക്കുന്നത് എന്നാണ് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ സഭയെ അറിയിച്ചത്. കർഷകസംഘടനകളും പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്ന വിധം വിളകളുടെ താങ്ങുവില അടക്കമുള്ളവയെ ബില്ലുകൾ ബാധിക്കില്ലെന്നു മന്ത്രി വ്യക്തമാക്കി. ബില്ല് അവതരണത്തിന് മുമ്പുതന്നെ പഞ്ചാബിലെയും ഹരിയാനയിലെയും കർഷക സംഘടനകൾ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ബില്ലവതരണ ദിവസം ശിരോമണി അകാലി ദൾ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജി വയ്ക്കുകയും ചെയ്തു. ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്. വാദവും മറുവാദവും:
വാദം
കാർഷിക വിളകൾക്ക് മികച്ച വില ഉറപ്പാക്കലും ചൂഷണം ഒഴിവാക്കലുമാണ് ബില്ലുകളുടെ മുഖ്യലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. കാർഷിക വിളകൾ ശേഖരിക്കാനും വിൽക്കാനുമുള്ള സംവിധാനം നിലനിൽക്കെ വിളകൾ സ്വതന്ത്രമായി വിൽക്കാൻ അവസരമൊരുക്കുന്നതാണ് കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020. കർഷകർക്ക് വിളകൾ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടാൻ സ്വാതന്ത്ര്യം നൽകുന്നതാണ് രണ്ടാമത്തെ ബിൽ. ഇത് വിലപേശൽ ശക്തിയില്ലാത്ത, വിത്തും വളവും ഉൾപ്പെടെ വാങ്ങി കാർഷികവൃത്തി നടത്താൻ നിവൃത്തിയില്ലാതെ വിഷമിക്കുന്ന 86 ശതമാനത്തോളം വരുന്ന ചെറുകിട കർഷകരെ സഹായിക്കും. കൂടാതെ മികച്ച ഉത്പാദനത്തിനായി കൂടുതൽ മാർഗങ്ങൾ സ്വീകരിക്കാൻ വഴിയൊരുക്കും. വിളകൾക്ക് വിലപേശി മികച്ച വില കൈവരിക്കാനും കരുത്തുള്ളവരായി അവരെ മാറ്റുന്നതുമാണ് പുതിയ ബിൽ എന്നാണ് കേന്ദ്ര സർക്കാർ വാദം.
മറുവാദം
കർഷകരെ സഹായിക്കുന്ന ബില്ലുകൾ എന്ന് പറയുമ്പോഴും ഉത്പന്നങ്ങളുടെ താങ്ങുവിലയിൽ താഴെ സ്വകാര്യ കമ്പനികൾ ശേഖരണം നടത്തിയാൽ അത് തടയുന്ന വ്യവസ്ഥകൾ ഇല്ലെന്നതാണ് പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആരോപണം. കാർഷിക വിളകൾക്ക് കുറഞ്ഞ വില നൽകി ചൂഷണം ചെയ്യുന്നതിൽ നിന്ന് കർഷകരെ സംരക്ഷിക്കുമെന്നാണ് പ്രൈസ് അഷ്വറൻസ് ബില്ലിലെ വാഗ്ദാനമെങ്കിലും ആ സംവിധാനത്തെക്കുറിച്ച് ബില്ലിൽ പരാമർശമില്ല. കോർപ്പറേറ്റ് കമ്പനികൾക്ക് കർഷകരെ ചൂഷണം ചെയ്യാൻ ഇത് വഴിയൊരുക്കുമെന്നാണ് കർഷക സംഘടനകളും പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നത്. അസംഘടിത മേഖലയിലെ കർഷകർക്ക് സ്വകാര്യ കമ്പനികളുമായി നിയമയുദ്ധം നടത്താനുള്ള ശേഷിയില്ലാതിരിക്കെ കുത്തകകൾക്ക് വേണ്ടി തലകുനിക്കേണ്ടി വരുമെന്ന ആരോപണവുമുണ്ട്. സംസ്ഥാനങ്ങളിലെ സംഭരണ കേന്ദ്രങ്ങൾ വഴി കർഷകരുടെ വിഭവങ്ങൾ എഫ്.സി.ഐ സംഭരിക്കുകയും അവ പൊതുവിതരണസംവിധാനം വഴി വിതരണം ചെയ്യുന്നതുമാണ് ഇപ്പോഴുളള രീതി. പുതിയ ബില്ലുകളുടെ വരവോടെ ഈ സംവിധാനം അവസാനിക്കുകയും കുത്തകകൾക്ക് ഇടപെടാൻ അവസരമൊരുങ്ങുകയും ചെയ്യുമെന്ന ആശങ്കയും ഉയരുന്നു. താങ്ങുവിലയുടെ കാര്യത്തിലും വ്യക്തതയില്ല. വീണ്ടും പുതിയ കുത്തകകൾക്ക് കാർഷിക രംഗത്തെ വിട്ടുകൊടുക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.