
ആകാശക്കപ്പലിലേറി
യാത്ര പുറപ്പെട്ടൊരു
പകൽ സ്വപ്നത്തിന്റെ
ചിറകരിഞ്ഞും
പേടികളുടെ
ഇരുട്ടിലേക്ക്
വാതിൽ വലിച്ചടച്ചും
മഴയത്ത്
നിറഞ്ഞൊഴുകുന്നൊരു
കൈത്തോടിന്റെ
ആഹ്ലാദങ്ങളിലേക്ക്
കൂപ്പുകുത്തിയ
ബാല്യ കൗതുകത്തെ
തലയും മുലയും വളർന്ന പെണ്ണെന്ന
വാക്കേറിന്റെ
കാണാച്ചങ്ങലയിൽ കുരുക്കി മറിച്ചിട്ടും
സ്വപ്നങ്ങളുടെ
കാൻവാസിലേക്ക്
തട്ടി മറിഞ്ഞ
മഷിപ്പാത്രം നോക്കിയിരുന്ന്
വിതുമ്പിയപ്പോൾ
ഊറിച്ചിരിച്ചും
എന്റെ പെണ്ണുങ്ങൾ......
മടിശ്ശീലയിലെ പലഹാരവും
വീടകങ്ങളും
പങ്കു വച്ചപ്പോൾ
പെണ്ണിന്റെ പെണ്ണത്തം
ഒന്നുകൂടി ഉറപ്പിച്ചു.
എല്ലാ അഹന്തകൾക്കും
എല്ലാ അറിവുകൾക്കും
മുകളിൽ
സാമ്പാറുണ്ടാക്കുന്നതിന്റെ
രീതിശാസ്ത്രം
പ്രതിഷ്ഠിച്ചു....
എന്നിട്ടും
ഞാനിപ്പോഴും
പെണ്ണുങ്ങൾക്കു വേണ്ടി
വാദിച്ചു കൊണ്ടേയിരിക്കുന്നു.