
കൊൽക്കത്ത: ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തിൽ തൃണമൂൽ കോൺഗ്രസ് എം.പിയായ നുസ്രത്ത് ജഹാന്റെ ചിത്രം ഉപയോഗിച്ചതിൽ കൊൽക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. നുസ്രത്ത് ജഹാൻ സൈബർ സെല്ലിന് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസമാണ് വീഡിയോ ഡേറ്റിംഗ് ആപ്പായ ഫാൻസിയുവിനെതിരേ നടിയും എം.പി.യുമായ നുസ്രത്ത് ജഹാൻ പരാതി നൽകിയത്.
ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരിക്കൂ പുതിയ സുഹൃത്തുക്കളെ കണ്ടെത്തൂ എന്നായിരുന്നു നുസ്രത്ത് ജഹാന്റെ ചിത്രത്തിനൊപ്പമുണ്ടായിരുന്ന പരസ്യവാചകം. ഇതോടൊപ്പം ഈ വ്യക്തിയെക്കുറിച്ച് കൂടുതൽ കണ്ടെത്തൂ എന്നും നിമിഷങ്ങൾക്കുളളിൽ സുഹൃത്തുക്കളെ കണ്ടെത്താൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് തങ്ങളുടേതെന്നുമായിരുന്നു ഫാൻസിയുവിന്റെ അവകാശവാദം. ഇതിന്റെ ഹിന്ദി പതിപ്പും ചിത്രത്തിനൊപ്പം നൽകിയിരുന്നു. നുസ്രത്ത് ജഹാന്റെ പേരോ മറ്റുവിവരങ്ങളോ പരസ്യത്തിൽ ഉപയോഗിച്ചിരുന്നില്ല.
ഡേറ്റിംഗ് ആപ്പ് ഫേസ്ബുക്കിൽ നൽകിയ പരസ്യത്തിൽ തന്റെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചെന്നാണ് എം.പിയുടെ പരാതി. പരസ്യത്തിന്റെ സ്‌ക്രീൻഷോട്ടുകളടക്കം നൽകിയാണ് നുസ്രത്ത് ജഹാൻ പരാതി നൽകിയത്. സമൂഹ മാദ്ധ്യമത്തിൽ എം.പിയുടെ ചിത്രം വച്ച ഡേറ്റിംഗ് ആപ്പിന്റെ പരസ്യം വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതു കണ്ടവർ അറിയിച്ചപ്പോഴാണ് നുസ്രത്ത് ജഹാനും ഫാൻസിയുവിന്റെ പരസ്യം ശ്രദ്ധിച്ചത്.