ന്യൂയോർക്ക്: ആറാം മാസത്തിൽ ചില കുഞ്ഞുങ്ങൾ ഇരിക്കാൻ തുടങ്ങും ചിലർ മുട്ടിലിഴയും. എന്നാൽ, അമേരിക്കയിലെ ഉട്ടയിൽ ഒരു ആറാം മാസക്കാരൻ വാട്ടർ സ്കെയിംഗ് നടത്തി ലോക റെക്കാഡ് സ്വന്തമാക്കിയിരിക്കുകയാണ്. പവ്വൽ തടാകത്തിൽ വാട്ടർ സ്കെയിംഗ് നടത്തിയാണ് റിച്ച് ഹംഫ്രീസ് തന്റെ ആറാം മാസം ആഘോഷിച്ച് ഏറ്റവും പ്രായം കുറഞ്ഞ വാട്ടർ സ്കെയിംഗ് കാരൻ എന്ന റെക്കാഡ് നേടിയത്. റിച്ചിന്റെ മാതാപിതാക്കളായ കെയ്സിയും മിൻഡിയുമാണ് മകന്റെ സാഹസിക പ്രവൃത്തിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഒരു മെറ്റൽ ബാറിൽ മുറുകെ കെട്ടിയ നിലയിലാണ് വീഡിയോയിൽ കുഞ്ഞുള്ളത്. ഒരു ബോട്ടിലാണ് അവന്റെ സ്കെയിംഗ് ബോർഡ് ബന്ധിപ്പിച്ചിരിക്കുന്നത്. അവന്റെ കുഞ്ഞിക്കാലുകൾ തടി കൊണ്ടുള്ള സ്കെയിംഗ് ബോർഡിൽ സ്ട്രാപ്പ് വച്ച് ബന്ധിച്ചിട്ടുമുണ്ട്. ലൈഫ് ജാക്കറ്റും അണിഞ്ഞിട്ടുണ്ട് റിച്ച്. തൊട്ടടുത്തുതന്നെ മറ്റൊരു ബോട്ടിൽ റിച്ചിനെ അച്ഛൻ ഒപ്പം പിന്തുടരുന്നുണ്ട്. വെള്ളത്തിൽ പോകുന്ന മകനെ പ്രചോദിപ്പിക്കുകയാണ് വീഡിയോയിലുടനീളം ആ അച്ഛൻ. ഇടയക്ക് വെള്ളത്തിലേക്ക് നോക്കുന്നുണ്ടെങ്കിലും ഭയമൊന്നുമില്ലാതെ തന്റെ യാത്രയെ ആസ്വദിക്കുന്ന റിച്ച് അച്ഛന് പുഞ്ചിരിയും സമ്മാനിക്കുന്നുണ്ട്.
''ഞാനെന്റെ ആറാം മാസത്തിൽ ഒരു വാട്ടർ സ്കെയിംഗിനു പോയി. അത് ലോക റെക്കോഡുമായുള്ള ഒരു വലിയ ഡീലായിരുന്നു'' എന്നാണ് റിച്ചിന്റെ മാതാപിതാക്കൾ മകന്റെ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ആറു മാസവും പത്തു ദിവസവുമുള്ള അവുബൺ ആബ്ഷറിന്റെ റെക്കോഡാണ് റിച്ച് തകർത്തിരിക്കുന്നത്. 7.6 മില്യൺ ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. റിച്ചിന്റെ പ്രവൃത്തിയെ പലരും അഭിനന്ദിക്കുമ്പോഴും മാതാപിതാക്കൾക്ക് നേരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. കുട്ടി അത്യാപത്തിലാണ്. ഇത്തരം വീഡിയോകൾക്ക് ദയവു ചെയ്ത് കൈയടി നൽകരുത് എന്ന് പലരും കമന്റ് ചെയ്തു.