വാഷിംഗ്ടൺ: നാലു വർഷത്തിനുള്ളിൽ ചന്ദ്രനിലേക്ക് വീണ്ടും പോകാനുള്ള പുതിയ പദ്ധതി തയാറാക്കി നാസ. മിഷൻ ടു മൂൺ പദ്ധതിയ്ക്ക് 28 ബില്യൺ യു.എസ് ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കുറച്ചു വർഷം മുമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിറുത്തിവച്ചിരുന്ന ആർട്ടിമിസ് മിഷൻ പദ്ധതിയാണ് വീണ്ടും ചർച്ചാ വിഷയമാകുന്നത്.
നവംബർ 3ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുമായി ബന്ധപ്പെട്ട ഫയലിൽ ഒപ്പിടുമെന്ന പ്രതീക്ഷയിലാണ് നാസ. എങ്കിൽ മാത്രമേ 2021- 25 സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൊജക്ട് മുന്നോട്ടു കൊണ്ടുപോകാൻ നാസയ്ക്ക് കഴിയൂ. ബറാക് ഒബാമയുടെ ഭരണകാലത്തും ഇതേ പ്രൊജക്ടുമായി നാസ എത്തിയിരുന്നെങ്കിലും ഒബാമ ഫയൽ തിരിച്ചയയ്ക്കുകയായിരുന്നു. ഇത്രയും നിർണായകമായ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ നാസയുടെ സ്വപ്ന പദ്ധതിയ്ക്ക് ചില രാഷ്ട്രീയ റിസ്കുകളുണ്ടെണ്ടെന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ജിം ബൈഡൻസ്റ്റെൻ പറഞ്ഞത്. ആദ്യം സ്ത്രീ പിന്നെ പുരുഷൻ എന്ന മുദ്രാവാക്യമുള്ള ആർട്ടിമിസ് മൂൺ പദ്ധതിയിൽ എത്ര ശാസ്ത്രജ്ഞരാകും ചന്ദ്രനിലേക്ക് പോവുക, അതിനായി ഏത് ലോഞ്ചർ ആണ് ഉപയോഗിക്കുക തുടങ്ങി നിരവധി കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്.