e-sreedharan

കൊച്ചി : പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന്റെ മേൽനോട്ടച്ചുമതല ഇ. ശ്രീധരന് നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ഒമ്പത് മാസത്തിനകം പാലത്തിന്റെ പണി പൂർത്തിയാകുമെന്നും മുഖ്യമന്ത്രിയും താനും ഇന്ന് തന്നെ ഇ. ശ്രീധരനോട് ഇതേ പറ്റി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കാലതാമസം കാരണം മൂന്ന് മാസം മുമ്പാണ് ഇ. ശ്രീധരൻ പദ്ധതിയിൽ നിന്നും പിന്മാറിയത്.

പാലം പൊളിച്ച് പണിയുന്നതിന്, നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡും പാലം നിർമിക്കുന്നതിന് കൺസൾട്ടൻസി കരാർ ഏറ്റെടുത്ത കിറ്റ്കോയും എതിരാണ്. പാലം പൊളിക്കാൻ സർക്കാർ കാട്ടുന്ന തിടുക്കം വളഞ്ഞ വഴിയിൽ കാര്യം സാധിക്കുന്നതിനാണെന്നായിരുന്നു കിറ്റ്കോ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. അതേ സമയം, പാലത്തിൽ ഭാരപരിശോധന വേണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ആർ.എഫ്. നരിമാൻ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു.