lady-murder-attempt

ലഖ്‌നൗ: ആറാമതും ജന്മം നൽകുന്നത് പെൺകുഞ്ഞിനെയാണെന്ന് കരുതി ഭർത്താവ് അരിവാൾ കൊണ്ട് ഭാര്യയുടെ വയർ പിളർന്നു. മറ്റൊരിടത്തുമല്ല, ഉത്തർപ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനൽകുന്നത് പെൺകുഞ്ഞിനെയാണെന്ന് തെറ്റിദ്ധരിച്ചാണ് ഭർത്താവ് ഈ ക്രൂരകൃത്യം നടത്തിയത്. സംഭവത്തിൽ വയറ്റിനുളളിലുണ്ടായിരുന്ന ഗർഭസ്ഥ ശിശു കൊല്ലപ്പെട്ടു.

ഭർത്താവിന്റെ ഗുരുതരമായ പീഡനത്തെ തുടർന്ന് അനിത എന്ന സ്ത്രീ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട ഗർഭസ്ഥ ശിശു ആണായിരുന്നു. ഉത്തർപ്രദേശിലെ ബറേലിയിൽ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്. അനിതാ ദേവിക്കും ഭർത്താവ് പന്നാലാലിനും നേരത്തെ ജനിച്ച അഞ്ച് കുട്ടികളും പെൺകുഞ്ഞുങ്ങളായിരുന്നു. ആറാമത് ജനിക്കാനിരിക്കുന്നത് പെൺകുഞ്ഞാണെന്ന ഗ്രാമത്തിലെ പൂജാരിയുടെ വാക്ക് വിശ്വസിച്ച് മദ്യപിച്ചെത്തിയ പന്നാലാൽ ഗർഭച്ഛിദ്രം നടത്താൻ ഭാര്യയോട് ആവശ്യപ്പെട്ടു.

പന്നാലാലിനോട് വഴക്കിട്ട അനിത ഗർഭച്ഛിദ്രത്തിന് താൻ തയാറല്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന വാക്കേറ്റത്തിനൊടുവിലായിരുന്നു ആക്രമണം. അരിവാൾ കൊണ്ട് വയറുകീറിമുറിച്ചായിരുന്നു ആക്രമണം നടന്നത്. ഭാര്യയുടെ ഉദരത്തിൽ വളരുന്നത് ആൺകുഞ്ഞാണെന്ന് അറിയാതെയായിരുന്നു പന്നാലാലിന്റെ സമാനതകളില്ലാത്ത ക്രൂരത.

അനിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് അനിതയെ ആശുപത്രിയിലെത്തിച്ചത്. ഗർഭപാത്രത്തിന് ഗുരുതരമായി പരിക്കേറ്റതിനാൽ വീണ്ടും ഗർഭം ധരിക്കാൻ ഇവർക്ക് സാധിക്കില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു. അറസ്റ്റിലായ പന്നാലാലിനെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലടച്ചു. വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് മറ്റു വകുപ്പുകൾ കൂടി ഇയാൾക്കെതിരെ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ ഐ.സി.യുവിലാണ് അനിത.