കാണുമ്പോഴൊക്കെ സ്വന്തം വീട്ടിലുള്ള ഒരാളെപ്പോലെയാണ് തോന്നിയിട്ടുള്ളത്. ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന 'പാടാത്ത പൈങ്കിളി" എന്ന സീരിയലിലാണ് ആദ്യമായി ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചത്. അതിനുമുമ്പ് തന്നെ ശബരിച്ചേട്ടനെ അറിയാമായിരുന്നു. സീരിയൽ ലൊക്കേഷനുകൾക്ക് പകരം ഏതെങ്കിലും ചടങ്ങുകളിലായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയിരുന്നത് എന്നുമാത്രം. എല്ലാവരോടും ഒരേ പോലെയായിരുന്നു പെരുമാറ്റം, വലിപ്പചെറുപ്പമില്ല. പുതിയ സീരിയലിന്റെ ലൊക്കേഷനിൽ വച്ചാണ് ഞങ്ങൾ കുറച്ചു കൂടെ സൗഹൃദത്തിലാകുന്നത്. എല്ലാവരോടും സ്നേഹസൗഹൃദങ്ങൾ സൂക്ഷിക്കാൻ പ്രത്യേകകഴിവ് തന്നെ ഉണ്ടായിരുന്നു. എല്ലാവരുടെയും വിശേഷങ്ങളും ആരോഗ്യകാര്യങ്ങളുമൊക്കെ തിരക്കുമായിരുന്നു. അവസാന ഷെഡ്യൂളിൽ കണ്ടപ്പോൾ ചേട്ടൻ കുറച്ചു മെലിഞ്ഞിരുന്നു. എന്താണ് രഹസ്യമെന്ന് ചോദിച്ചപ്പോൾ, രാത്രി ഏഴുമണിക്ക് ശേഷം ആഹാരം കഴിക്കാറില്ലെന്നും ആരോഗ്യകാര്യത്തിൽ നന്നായി ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞുതന്നു. ചേട്ടൻ പറഞ്ഞ ടിപ്പ്സുകളൊക്കെ അതേ പോലെ തന്നെ ഞാൻ പിന്തുടർന്നു. അങ്ങനെ ഞാൻ നന്നായി മെലിഞ്ഞു. ഇനി കാണുമ്പോൾ ചേട്ടനോട് ഈ കാര്യം പറയാനായി കാത്തിരിക്കുകയായിരുന്നു.
ആ കൂടിക്കാഴ്ച സംഭവിച്ചില്ല. ചേട്ടൻ പോയ സമയത്ത് ഞാൻ ഒരു യാത്രയിലായിരുന്നു. അപ്പോഴാണ് വിവരം അറിഞ്ഞത്. പലരോടും വിളിച്ചുചോദിച്ചിട്ടും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥിലായിരുന്നു കുറേ സമയം. നമ്മുടെ സഹപ്രവർത്തകൻ പെട്ടെന്ന് ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോകുക എന്നു പറയുമ്പോൾ വല്ലാത്ത അവിശ്വസനീയത തോന്നുന്നു.
ആയുർവേദ ഡോക്ടറായ ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചും എപ്പോഴും പറയുമായിരുന്നു. കൊവിഡ് കാലത്ത് ഞങ്ങൾക്കൊക്കെ പ്രതിരോധത്തിനുവേണ്ടിയുള്ള ആയുർവേദ മരുന്നുകളൊക്കെ കൊണ്ടുതരുമായിരുന്നു. ചേട്ടന്റെ സംസാരമൊക്കെ വീണ്ടും ഓർമ്മയിൽ വരികയാണ്. മൂന്നുഷെഡ്യൂളുകളായിരുന്നു ഇതുവരെ ഷൂട്ടിംഗ് പൂർത്തിയായത്. ലൊക്കേഷനിലാണെങ്കിൽ പോലും ചെറിയ അസ്വസ്ഥത പോലും ചേട്ടൻ കാണിച്ചതായി ഓർക്കുന്നില്ല. ഞങ്ങൾക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ ചോദിക്കുകയും ചെയ്യും. എല്ലാവരോടും കരുതലായിരുന്നു. ആദ്യമായിട്ടാണ് ചേട്ടന്റെ കൂടെ ഞാൻ അഭിനയിക്കുന്നതു തന്നെ. ഒരു നല്ല വ്യക്തിയെ അറിഞ്ഞുവരുമ്പോൾ തന്നെ ഇങ്ങനെ ഒരു കാര്യം സംഭവിച്ചത് ഓർക്കാൻ പോലും കഴിയുന്നില്ല.