എവിടെ നോക്കിയാലും നീല മയം. സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുന്ന ഈ നീലനഗരം എവിടെയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലേ? കോട്ടകൾ മുതൽ ജനൽപ്പടികളിലും വാതിലുകളിലും തൂണുകളിലും ഇടനാഴികളിലുമെല്ലാം നിറഞ്ഞു കാണുന്നത് നീല നിറമാണ്. ഈ നാടിനെ വ്യത്യസ്തമാക്കുന്നതും ഈ നിറം കൊണ്ടു തന്നെയാണ്. നീലനിറത്തിന്റെ പേരിൽ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ ഷെഫ്ഷൗവീൻ മൊറോക്കോയിലാണ്. മൊറോക്കോയുടെ നീലമുത്ത് എന്നാണ് ഷെഫ്ഷൗവീൻ അറിയപ്പെടുന്നത്. നീലയും നീലയുടെ വകഭേദങ്ങളും മാത്രമേ ഈ നാട്ടിൽ കാണാൻ കഴിയുകയുള്ളു.
ഈ പ്രദേശത്തെ കൊതുകിനെ തുരത്താനാണ് ഇങ്ങനെ നീലനിറം നല്കിയിരിക്കുന്നതെന്ന് പറയപ്പെടുന്നു. 1970കളിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തിൽ നഗരത്തിൽ മുഴുവനും നീലനിറം അടിക്കണം എന്ന നിയമവും ഇവിടെ നിലനിന്നിരുന്നു. അകലെ നിന്നു നോക്കുമ്പോൾ ശരിക്കും ഒരു നീലക്കടൽ പോലെയാണ് ഈ പ്രദേശം തോന്നുന്നത്. ഇവിടെയുള്ള കെട്ടിടങ്ങൾ, കടകൾ, ഗേറ്റുകൾ, പള്ളികൾ, ഹോട്ടലുകൾ, നഗരത്തിന്റെ ചുവരുകൾ, ഗോവണികൾ, പടിക്കെട്ടുകൾ, ഗോപുരങ്ങൾ അങ്ങനെയെല്ലാം ഇവിടെ നീലയിൽ കുളിച്ചാണ് നിൽക്കുന്നത്. സർവ്വതിലുമുള്ള ഈ നീലമയമാണ് ഈ നഗരത്തിന്റെ വ്യക്തിമുദ്ര. എന്തിനേറെ കൂട്ടിയിട്ടിരിക്കുന്ന കല്ലുകളിൽ പോലും നീലനിറം കാണാൻ സാധിക്കും.