tyc

ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങിനെ പരസ്യമായി വിമർശിക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത കോടീശ്വരനായ ചൈനീസ് റിയൽ എസ്റ്റേറ്റ് വ്യവസായി റെൻ ഷിക്കിയാങിന് 18 വർഷം തടവ്.

ഇയാൾ കുറ്റങ്ങൾ ഏറ്റുപറഞ്ഞതായും നിരാവധി തട്ടിപ്പ് കേസുകൾ കണ്ടെത്തിയതിനാലാണ് ശിക്ഷിച്ചതെന്നും കോടതി വ്യക്തമാക്കി.

ചൈനയിലെ വുഹാനിൽ കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ റെൻ ഷിക്കിയാങ് പ്രസിഡന്റിനെതിരായ ആരോപണം ശക്തമാക്കിയിരുന്നു. കൊവിഡ് സാഹചര്യത്തെ നേരിടാൻ സർക്കാരിന് കഴിയുന്നില്ലെന്നും സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഷീ ജിൻ പിങിന്റെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികളുണ്ടായത്.

അഴിമതി, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, സർക്കാർ പണം തട്ടിയെടുക്കൽ എന്നീ കേസുകളാണ് പൊലീസ് ചുമത്തിയത്.

പ്രസിഡന്റിനെ 'കോമാളി' എന്ന് വിളിച്ചതായുള്ള റിപ്പോർട്ടുകളും അദ്ദേഹത്തിനെതിരെയുണ്ട്. സർക്കാർ ജനങ്ങളുടെ ജീവൻ ബലികഴിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം കൊവിഡ് വാർത്തകളും മരണങ്ങളും സർക്കാർ പുറത്തുവിടുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

റെൻ 7.4 മില്യൺ ഡോളർ തട്ടിയെടുത്തതായും കോടിക്കണക്കിന് രൂപ കൈക്കൂലിയായി വാങ്ങിയതായും തെളിഞ്ഞതായി ചൊവ്വാഴ്ച നടന്ന വിധിന്യായത്തിൽ കോടതി വ്യക്തമാക്കുന്നു. തടവ് ശിക്ഷയ്‌ക്കൊപ്പം 6,20,000 ഡോളർ പിഴയും വിധിച്ചിട്ടുണ്ട്. കോടതി തീരുമാനത്തിൽ റെൻ അപ്പീൽ നൽകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.