ന്യൂഡൽഹി:സോണിഗാന്ധിയും രാഹുൽഗാന്ധിയും അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയതോടെ കാർഷിബില്ലുകൾക്കെതിരെയുളള പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. അമേരിക്കയിൽ പതിവ് മെഡിക്കൽ പരിശോധനയ്ക്ക് പാേയ സോണിയാഗാന്ധിയും ഒപ്പംപോയ രാഹുലും ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്. ഈ മാസം 12നായിരുന്നു ഇരുവരും അമേരിക്കയിലേക്ക് പോയത്. ഇരുവരും ഉണ്ടായിരുന്നില്ലെങ്കിലും കാർഷിക ബില്ലുകൾക്കെതിരെ പാർലമെന്റിൽ പാർട്ടിക്ക് ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനായി എന്നാണ് എം പിമാരുൾപ്പടെ പലരും വിലയിരുത്തുന്നത്. തുടർന്നും കാർഷിക ബില്ലുകളെ ശക്തമായി എതിർക്കാനാണ് പാർട്ടിയുടെ തീരുമാനം. സോണിയയുടെയും രാഹുലിന്റെയും മടങ്ങിവരവ് തുടർ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അവർ കരുതുന്നു.
അതിർത്തിയിലെ പ്രശ്നങ്ങൾ, രാജ്യത്തെ കൊവിഡ് ബാധ, അടച്ചിടൽ സാമ്പത്തിക രംഗത്തുണ്ടാക്കിയ ആഘാതം, ജി എസ് ടി നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങൾ പാർമെന്റിലും പുറത്തും ശക്തമായി ഉയർത്താൻ നേരത്തേ തന്നെ കോൺഗ്രസ് തീരുമാനിച്ചിരുന്നു. കാർഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കർഷകരിൽ നിന്ന് രണ്ട് കോടി ഒപ്പ് ശേഖരിക്കുന്നതിനുളള പ്രചാരണവും പാർട്ടി ആരംഭിക്കും.
അമേരിക്കയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് പാർട്ടിയിൽ സോണിയ അഴിച്ചുപണി നടത്തിയിരുന്നു. രാഹുലിന്റെ ഇഷ്ടക്കാരായ രൺദീപ് സുർജെവാല, രാജീവ് സതവ്, മാണിക്കം ടാഗോർ, വിവേക് ബൻസൽ തുടങ്ങിയവർക്ക് ഇതിൽ മുൻഗണ ലഭിച്ചത്. സോണിയയുടെ ഉപദേശക സമിതിയിൽ എ കെ ആന്റണി, അഹമദ് പട്ടേൽ, കെ സി വേണുഗോപാൽ, അംബികാസോണി, മുകുൾ വാസ്‌നിക്ക്, സുർജെവാല എന്നിവരാണ് അംഗങ്ങൾ. അടുത്ത എഐസിസി സമ്മേളനംവരെ ഈ സമിതി തുടരുമെന്നാണ് റിപ്പോർട്ട്.