ഗാബറോൺ: ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിൽ കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞ സംഭവത്തിൽ കാരണം കണ്ടെത്തി ശാസ്ത്രലോകം. ഡയനോബാക്ടീരിയൽ ന്യൂറോ ടോക്‌സിനുകളാണ് ആനകളുടെ മരണത്തിന് കാരണം. അവ കുടിച്ച വെള്ളത്തിലൂടെയാണ് വിഷാംശമുള്ള ബാക്ടീരിയ ഉള്ളിൽ കടന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.
മേയ്- ജൂൺ- ജൂലായ് മാസങ്ങളിലായി ഏകദേശം 350 ഓളം ആനകളാണ് ഒകാവാങ്ക മരുഭൂമിയിലെ കാടിന്റെ പല ഭാഗങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. വേട്ടക്കാർ കൊമ്പിനായി വിഷം വച്ചതാണോ എന്നതടക്കമുള്ള സംശയങ്ങൾ അന്ന് ഉയർന്നിരുന്നു. വെള്ളക്കെട്ടിന് സമീപത്തായാണ് പല ആനകളുടെയും മൃതദേഹം കണ്ടെത്തിയത്. ചില ആനകളുടെ മൃതദേഹം മുഖമടിച്ച് വീണ രീതിയലായിരുന്നു. അന്താരാഷ്ട്ര മാദ്ധ്യമമായ സി.എൻ.എൻ ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അടുത്ത മഴക്കാലത്തും ഇത്തരമൊരു കൂട്ടമരണം സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നും അത് തടയാനുള്ള നടപടികൾ ഇപ്പോഴേ ആരംഭിക്കണമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
എന്നാൽ, വെള്ളം കുടിച്ച് ആനകൾ മാത്രം മരിക്കാൻ കാരണമെന്താണെന്ന ചോദ്യം ഇനിയും ബാക്കി നിൽക്കുന്നുണ്ട്.