രണ്ട് കി.മീ കൈവശപ്പെടുത്തി, ഒമ്പത് കെട്ടിടങ്ങൾ പണിതു
പിത്തോറഗഢ്: നേപ്പാളിലേക്ക് അതിക്രമിച്ച് കടന്ന ചൈനീസ് സൈന്യം ഒമ്പത് കെട്ടിടങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. നേപ്പാൾ - ചൈന അതിർത്തിക്ക് നേപ്പാളിന്റെ ഭാഗത്തെ കർനാലി പ്രവിശ്യയിൽപ്പെടുന്ന ഹുംല ജില്ലയുടെ ഒറ്റപ്പെട്ട പ്രദേശമായ നാംഖ ഗോപാലികയിലെ (മുനിസിപ്പാലിറ്റി) ലാപ്ച–ലിമി മേഖലയിലാണ് നിർമാണങ്ങൾ.
അതിർത്തിയിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്ററോളം ഉള്ളിലാണ് ഈ പ്രദേശം. നാംഖ മുനിസിപ്പാലിറ്റി ചെയർമാൻ വിഷ്ണു ബഹാദുർ ലാമ ഒരുമാസം മുമ്പാണ് ഈ നിർമാണം കണ്ടെത്തിയത്. ഇവിടം സന്ദർശിക്കാനെത്തിയ ലാമയെ ചൈനീസ് സൈനികർ തടഞ്ഞെന്നും പ്രവേശിപ്പിച്ചില്ലെന്നുമാണ് റിപ്പോർട്ട്. മാത്രമല്ല, പ്രദേശത്തെ ഗ്രാമീണരെയും സൈനികർ ഇങ്ങോട്ടേക്ക് കടത്തിവിടുന്നില്ല.
ഇതേത്തുടർന്ന് ലാമ ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചെന്നും ആഗസ്റ്റ് 30നും സെപ്തംബർ 9നുമിടയിൽ സ്ഥലം സന്ദർശിക്കാൻ ഒരു സംഘത്തെ നിയോഗിച്ചെന്നും ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. നേപ്പാൾ ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് തന്നെ ലാപ്ച – ലിമി മേഖലയിലേക്ക് ചൈന റോഡുകൾ നിർമ്മിച്ചിരുന്നെന്നാണ് വിവരം. ടിബറ്റുമായി അതിർത്തി പങ്കിടുന്ന മേഖലയാണിത്. മാത്രമല്ല, ഇവിടം കൈപ്പിടിയിലായാൽ ചൈനയ്ക്ക് കൈലാസ് മാനസരോവർ മേഖലയെ കൃത്യമായി നിരീക്ഷിക്കാനുമാകും.
'10 വർഷംമുൻപ് റോഡ് നിർമിച്ചപ്പോൾ ലാപ്ച – ലിമിയിൽ ഒരു കെട്ടിടം കൂടി നിർമിച്ചിരുന്നു. അന്ന് നേപ്പാൾ എതിർത്തപ്പോൾ ചൈന പറഞ്ഞത് അതൊരു വെറ്ററിനറി കേന്ദ്രമാണെന്നും ചരക്ക് ചുമക്കുന്ന മൃഗങ്ങളെ ചികിത്സിക്കാമെന്നും ഇരുഭാഗത്തുനിന്നുമുള്ള രാജ്യക്കാർക്ക് ഉപകാരപ്പെടുമെന്നും ആയിരുന്നു. വളരെ ഒറ്റപ്പെട്ട പ്രദേശമാണ് ലാപ്ച – ലിമി. നേപ്പാൾ ഭരണകൂടത്തിന് കാര്യമായ സ്വാധീനവുമില്ല. അതിനാൽത്തന്നെ എന്നാണ് ഒന്നിൽനിന്ന് ഒമ്പതു കെട്ടിടങ്ങൾ ഇവിടെ നിർമിക്കപ്പെട്ടതെന്നു വ്യക്തമല്ല’ – ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
റോഡ് നിർമ്മാണം തകൃതി
കുറച്ചുമാസങ്ങളായി ടിബറ്റിൽ റോഡുകൾ നിർമിക്കുന്നതിനൊപ്പം ചില നദികൾ ചൈന ഗതി തിരിച്ചുവിടുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് നേപ്പാളിലേക്ക് ഒഴുകിയിരുന്ന നദികളും ഗതിമാറി ഒഴുകാൻ തുടങ്ങി. ഇങ്ങനെ സംഭവിക്കുമ്പോൾ നദി ആദ്യം ഒഴുകിയിരുന്ന സ്ഥലം തങ്ങളുടെ ഭാഗമാണെന്ന് കാട്ടി ചൈന കൈവശപ്പെടുത്തുകയായിരുന്നുവത്രേ.