കൊച്ചി: ലോക്ക്‌ഡൗണിൽ വീട്ടിലിരുന്ന് മടുത്ത എല്ലാവരും ഒരു യാത്രയൊക്കെ ആഗ്രഹിക്കുന്നുണ്ടാകും. വിമാനത്തിൽ കയറിയും തീവണ്ടി പിടിച്ചും വലിയ യാത്രകളൊന്നും പോകാൻ പറ്റാത്ത ഈ കാലത്ത് നിയന്ത്രണങ്ങളെല്ലാം മാറുമ്പോൾ നമുക്ക് എത്തിപ്പെടാൻ പറ്റിയ ഒരു സ്ഥലം കേരളത്തിലുണ്ട്. തോമസ് മാഷിന്റെ കുമ്പളങ്ങി കഥകളിലൂടെയും കേരളത്തിന്റെ ആദ്യത്തെ മാതൃക ടൂറിസം ഗ്രാമത്തിലൂടെയും കുമ്പളങ്ങി നെറ്റ്‌സെന്ന സിനിമയിലൂടെയും ശ്രദ്ധിക്കപ്പെട്ട നമ്മുടെ സ്വന്തം കുമ്പളങ്ങി.
ഭൂപ്രകൃതി കൊണ്ടും ഗ്രാമഭംഗി കൊണ്ടും കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടംനേടിയ ഗ്രാമമാണ് കുമ്പളങ്ങി. വെളളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന എറണാകുളത്തെ ഈ കടലേര ഗ്രാമത്തിലെ പ്രധാന ആകർഷണം മത്സ്യബന്ധനവും കായൽപരപ്പിലൂടെ ഒാളം തല്ലി ഒഴുകിയെത്തുന്ന ചെറുവള്ളങ്ങളുമാണ്. മനോഹരമായ പ്രകൃതിരമണീയ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ചെമ്മീൻപാടങ്ങളും കർഷകരും കുമ്പളങ്ങിയിലെ പ്രത്യേകതയാണ്. പ്രകൃതിയുടെ മായകാഴ്ചകളിൽ നിന്ന് നിത്യജീവിതത്തിന്റെ നേർക്കാഴ്‌ചകൾ കാണാനും പറ്റിയ സ്ഥലമാണ് കുമ്പളങ്ങി. കുമ്പളങ്ങി വാസികളുടെ ഉപജീവനമാർഗമായ മീൻപിടിത്തത്തിന്റെയും കയറുപിരിക്കുന്നതിന്റെയും കാഴ്ചകൾ സഞ്ചാരികളിൽ കൗതുകം ഉണർത്തും.
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച കുമ്പളങ്ങിയിലെ പ്രഭാതങ്ങളും സായാഹ്ന ദൃശ്യങ്ങളുമൊക്കെ സഞ്ചാരികൾക്ക് അവിസ‌്‌മരണീയ അനുഭൂതിയാണ് സമ്മാനിക്കുന്നത്. കായൽക്കരയിൽ പ്രൗഢിയോടെ ഉയർന്നു നിൽക്കുന്ന ചീനവലകളുടെ വലിപ്പവും സുന്ദരമായ നിർമ്മിതിയും വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. വലകൾ ഉയർത്തുന്നതും താഴ്ത്തുന്നതും മാസ്മരികമായ ഒരു കാഴ്ചയാണ്. സന്ധ്യമയങ്ങുമ്പോൾ ചീനവലകൾ മീൻകൂട്ടങ്ങളെ തേടി കായലിൽ കൂപ്പുകുത്തും.
കുമ്പളങ്ങി പുത്തൻകരിയിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ‘അക്വാട്ടിക് റിസോർട്ട്’ കൗതുകമാണ്. ഇത്തരമൊരു റിസോർട്ട് കേരളത്തിൽ അപൂർവമെന്ന് തന്നെ പറയാം. നിർമാണ ശൈലിയിലെ മികവും ഭംഗിയും സഞ്ചാരികളെ വിസ്മയിപ്പിക്കും. വെള്ളത്തിൽ പൊങ്ങികിടക്കുന്ന ബെഡ്റൂമുകളും ഭക്ഷണശാലകളുമാണ് മറ്റൊരു ആകർഷണം. പഞ്ചനക്ഷത്ര ഹോട്ടൽ മുറികളുടെ അതേ മുഖഛായയിൽ പണികഴിപ്പിച്ചിരിക്കുന്ന മുറികളിൽ വാട്ടർ സൈക്കിളിംഗും ബോട്ടുസവാരിയും ഒരുക്കിയിട്ടുണ്ട്. ഒപ്പം ചൂണ്ടയിട്ടു മീൻ പിടിക്കാനും മീനിനു തീറ്റകൊടുക്കാനും അവസരമുണ്ട്.
കുമ്പളങ്ങിയിൽ എത്തിച്ചേരാൻ രണ്ടു വഴികളുണ്ട്. കൊച്ചിയിലെത്തി ചെല്ലാനം കണ്ണമാലി വഴി പുത്തങ്കരി കടന്നാൽ കുമ്പളങ്ങിയെത്താം. അരൂർ ഇടക്കൊച്ചി വഴി പാലം കയറിയാലും ചെന്നിറങ്ങുന്നതു കുമ്പളങ്ങിയിലാണ്. ഇതിലേതു വഴിക്കു ചെന്നാലും കുമ്പളങ്ങിക്ക് ഒരേ മുഖമാണ്. കൊച്ചിക്കായലിൽ പൊങ്ങിക്കിടക്കുന്ന ഗ്രാമമാണ് കുമ്പളങ്ങി. വെള്ളത്തിൽ മുങ്ങിയ പാടങ്ങളും വള്ളങ്ങളോടുന്ന വെള്ളക്കെട്ടും ഇതിനിടയിലേക്കു ചാഞ്ഞു കിടക്കുന്ന ചീനവലകളും ചേർന്ന് ആകെപ്പാടെ സസ്യശ്യാളകോമളമായ ഒരു ഗ്രാമം.
നാവിൽ രുചിയൂറുന്ന അസൽ മീനുകളുടെ നാട് കൂടിയാണ് കുമ്പളങ്ങി. പൊള്ളിച്ച കരിമീൻ, ചെമ്മീൻ വറുത്തത്, കായത്തീയൽ എന്നിവ കുമ്പളങ്ങിയുടെ തനത് രുചികൾ. കക്കയും കൊഞ്ചും കണമ്പും കരിമീനും കഴിക്കാനുളള യാത്രക്കായി മാത്രം കുമ്പളങ്ങിയിലേക്ക് പോകുന്നവരുമുണ്ട്. കേരളത്തിൽ ആദ്യമായി ഹോം സ്‌റ്റേ എന്ന ആശയം നടപ്പാക്കിയ സ്ഥലങ്ങളിലൊന്നാണ് കുമ്പളങ്ങി. തങ്ങളുടെ നാട്ടിൽ എത്തുന്നവരെ സ്വന്തം ഭവനങ്ങളിൽ താമസിപ്പിച്ച് തങ്ങളുടെ ജീവിത രീതികളും ഗ്രാമത്തിന്റെ തുടിപ്പുകളുമാണ് അവർ പകർന്നു നൽകുന്നത്.