ഇസ്താംബൂൾ: അടുത്തിടെ മുസ്ളിംപള്ളിയാക്കി മാറ്റിയ തുർക്കിയിലെ പ്രശസ്ത മ്യൂസിയം ഹഗിയ സോഫിയയിലെ സെലിബ്രിറ്റി താരം 'ഗ്ളി" അസുഖം ബാധിച്ച് ചികിത്സയിൽ.
ഗ്ളിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഗ്ളിയ്ക്ക് സോഷ്യൽ മീഡിയയിലുള്ളത്. അസുഖം ബാധിച്ച ഗ്ളിയെ പ്രത്യേകം പാർപ്പിച്ചിരിക്കുകയാണെന്നും അതിനാൽ തന്നെ ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാനാകില്ലെന്നും ഇൻസ്റ്റയിലെ കുറിപ്പിൽ പറയുന്നു. സ്മാരകമായിരുന്ന ഹഗിയ സോഫിയ അടുത്തിടെയാണ് വീണ്ടും മുസ്ളിം പള്ളിയാക്കി മാറ്റിയത്. അവിടെ വെള്ളിയാഴ്ച നമസ്കാരവും ഏർപ്പെടുത്തി. ഹഗിയ മ്യൂസിയമായിരുന്ന കാലത്ത് അവിടുത്തെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു ഗ്ളി.ഹഗിയ വീണ്ടും പള്ളിയായതോടെ ഗ്ളിയുടെ ഭാവി സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നെങ്കിലും അധികൃതർ ഗ്ളിയ്ക്ക് അവിടെത്തന്നെ പാർപ്പിടമൊരുക്കുകയായിരുന്നു.