ലണ്ടൻ: താലിബാൻകാരനാണോ എന്നു ചോദിച്ച് ഒരു സംഘം മർദ്ദിച്ചതായി സിഖ് യുവാവിന്റെ പരാതി. പഞ്ചാബിൽ ജനിച്ച് ഇംഗ്ലണ്ടിൽ താമസിക്കുന്ന വനീത് സിംഗാണ് (41) ബെർക്ഷെയറിൽ ആക്രമിക്കപ്പെട്ടത്.
വെള്ളക്കാരായ നാലുപേരാണ് 'താലിബാൻ തീവ്രവാദ ഗ്രൂപ്പിലെ അംഗമാണോ' എന്നുചോദിച്ച് തന്നെ മർദ്ദിച്ചതെന്ന് ടാക്സി ഡ്രൈവറായ വനീത് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. സ്കോടൻഡിൽനിന്നോ അയർലൻഡിൽനിന്നോ ഉള്ളവരാണ് അക്രമികളെന്നാണ് നിഗമനം. റീഡിംഗ് ടൗണിലെ ടൈൽഹേഴ്സ്റ്റ് പ്രവിശ്യയിലാണ് വനീത് താമസിക്കുന്നത്.
അക്രമികൾ വാഹനം നശിപ്പിച്ചു. തലപ്പാവ് ഊരിമാറ്റാൻ ശ്രമിച്ചു. മയക്കുമരുന്ന് മണപ്പിച്ചതായും വംശീയ ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നും വനീത് പറഞ്ഞു. തെയിംസ്വാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.