ക്വാലാലംപൂർ: മലേഷ്യൻ ആക്ടിവിസ്റ്റായ മറിയം ലീ ഹിജാബ് ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചു. ഇതോടെ മറിയത്തിനെതിരെ വിമർശനങ്ങളും അന്വേഷണവുമായി എത്തിയിരിക്കുകയാണ് മത മേലധികാരികൾ. ശിരോവസ്ത്രം മതപരമായ ഒന്നല്ലെന്നും പുരുഷാധിപത്യ സമൂഹം അടിച്ചേൽപ്പിച്ചതാണെന്നും മറിയം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിയ്ക്കുന്നു. തുടുംഗ് എന്ന പേരിൽ അറിയപ്പെടുന്ന മോഡേൺ ഹിജാബുകളാണ് മലേഷ്യയിലെ മുസ്ളിം സ്ത്രീകൾ ധരിക്കുന്നത്. ഇത് ഉപേക്ഷിക്കുകയാണെന്നാണ് മറിയം പറഞ്ഞത്.
'ഞാൻ ഒരു മുസ്ലിമാണ്. ഹിജാബ് ധരിക്കാത്തതുകൊണ്ട് മുസ്ളിമല്ലാതാകുന്നില്ല. ജീവിക്കുന്ന കാലമത്രയും മുസ്ളിം തന്നെയായിരിക്കുമെന്നും മറിയം പറയുന്നു". ഹിജാബില്ലാത്ത തന്റെ നിരവധി ചിത്രങ്ങളും മറിയം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മറിയത്തിന്റെ നിലപാട് മതത്തെ അധിക്ഷേപിക്കുന്നതാണെന്നാണ് മലേഷ്യൻ മതകാര്യ മന്ത്രി പറഞ്ഞു. ശിരോവസ്ത്രം ഒഴിവാക്കിയതിനു ശേഷം താൻ നേരിട്ട ഭീഷണിയെക്കുറിച്ചും മറിയം തന്റെ പുസ്തകമായ അൺവെയിലിംഗ് ചോയിസിൽ വിവരിച്ചിട്ടുണ്ട്. മറ്റു സ്ത്രീകളെക്കൂടി ഹിജാബ് ധരിക്കുന്നതിൽ നിന്ന് മറിയം പിന്തിരിപ്പിക്കുന്നുവെന്നാണ് മതാദ്ധ്യക്ഷന്മാരുടെ കണ്ടെത്തൽ. ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ കണ്ടാൽ കുറ്റവാളികളെ പോലെ തോന്നുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.