മുംബയ്: കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയെ തുടർന്ന് റെക്കോർഡ് ഉയരങ്ങളിലേക്ക് കുതിച്ചുയർന്ന ശേഷം സ്വർണത്തിന് കഴിഞ്ഞ കുറച്ച് ആഴ്‌ചകളിലായി പ്രതിദിനം വില കുറഞ്ഞ് വരികയാണ്. രാജ്യത്തെ ആഭ്യന്തര സ്വർണവില ഏറ്റവും ഉയരത്തിലെത്തിയത് കഴിഞ്ഞ മാസമാണ്. 56191 രൂപ. ഈ സമയം സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് ബുദ്ധിപരമാണോ എന്നത് ആലോചിക്കേണ്ട കാര്യമാണ്.
ലോകത്ത് കൊവിഡ് കേസുകൾ ശക്തമായി തുടരുകയും മാസങ്ങൾക്കകം രണ്ടാമത് ശക്തമായ കൊവിഡ് വ്യാപനം ഉണ്ടാകാനിടയുണ്ട് എന്ന അവസ്ഥയും നിലനിൽക്കുകയാണ്. ഇതിനെ നേരിടാൻ വഴി തേടുകയാണ് വിവിധ സർക്കാരുകൾ. കൊവിഡ് ആരംഭകാലത്തെ ലോക്‌ഡൗൺ സമയം തകർന്നടിഞ്ഞ സാമ്പത്തിക രംഗം മെല്ലെ തിരികെ വന്നുകൊണ്ടിരിക്കുകയാണ്. നിഫ്‌റ്റിയും സെൻസെക്‌സും നേരിട്ട തകർച്ചയിൽ നിന്നും ഏതാണ്ട് പകുതി ദൂരം തിരികെയെത്തി കഴിഞ്ഞു.
ദീർഘകാല നിക്ഷേപമായി സ്വർണത്തെ കണക്കാക്കാം എന്നാണ് ഈ സാഹചര്യത്തിലും നിക്ഷേപരംഗത്തെ ചിരപരിചിതരായ ജനങ്ങളുടെ കണക്ക്കൂട്ടൽ. ഇതിനായി ഇവർ നിരത്തുന്ന കാരണങ്ങൾ എന്നാൽ പലതാണ്. നിലവിൽ വിവിധ രാജ്യങ്ങൾ തമ്മിലെ നയതന്ത്ര പ്രതിസന്ധിയും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും സുരക്ഷിതമായ നിക്ഷേപമായി സ്വർണത്തെ കാണാവുന്ന പോസിറ്റീവായ അവസ്ഥയാണ്. കാലങ്ങളായി ഏതെല്ലാം തരത്തിലുളള സാമ്പത്തിക അനിശ്ചിതത്വമുണ്ടായാലും നിക്ഷേപകർ സുരക്ഷിതമായി നിക്ഷേപം നടത്തുക സ്വർണത്തിലാണ്.
നിലവിൽ ഒക്‌ടോബർ 5ന് അവസാനിക്കുന്ന ആഴ്‌ചയിലെ സ്വർണവില നിലവാരം 267 രൂപ ഉയർന്ന് 51,720 രൂപയായി.0.52 ശതമാനത്തിന്റെ വർദ്ധന. ഗോൾഡ് ഫ്യൂചേഴ്സ് ഏറ്റവും ഉയർന്ന വിലയായ 56191ൽ നിന്നും 4471 രൂപ കുറഞ്ഞിരിക്കുകയാണ്. കോമെക്‌സ് ഗോൾഡ് ഫ്യൂച്ചേഴ്‌സിൽ സ്വർണവില 1962.10 ഡോളറാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപ നില മെച്ചപ്പെടുത്തിയതാണ് വിലക്കുറവിന് ഒരു കാരണം. നിലവിൽ 76.91 എന്ന നിലയിൽ നിന്ന് 4.50 ശതമാനം മെച്ചപ്പെടുത്തിയ രൂപ മൂല്യം 73.45 ആണ്. ഏതായാലും വരുംകാലത്ത് മീഡിയം, ദീർഘകാല നിക്ഷേപങ്ങൾക്ക് സ്വർണം വാങ്ങുന്നതിന് നല്ല അവസരം തന്നെയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.