90 എണ്ണം ചത്തതായി റിപ്പോർട്ട്
സിഡ്നി: ആസ്ട്രേലിയയിലെ ഒറ്റപ്പെട്ട തുറമുഖത്തെ മണൽത്തിട്ടകളിൽ 250ഓളം തിമിംഗലങ്ങൾ കുടുങ്ങിയതായി റിപ്പോർട്ട്. ഇതിൽ 90 ഓളം ചത്തു. കൂടുതൽ തിമിംഗലങ്ങളെ മരണത്തിൽ നിന്നും രക്ഷിക്കാനായി രക്ഷാപ്രവർത്തകർ രംഗത്തിറങ്ങി.
ടാസ്മാനിയൻ പടിഞ്ഞാറൻ തീരത്ത് മക്വാരി ഹാർബറിന് സമീപം നൂറുകണക്കിന് മീറ്റർ നീളമുള്ള മണൽതിട്ട രൂപപ്പെട്ടതോടെയാണ് പൈലറ്റ് തിമിംഗലങ്ങൾ കൂട്ടത്തോടെ കുടുങ്ങിയത്.
മൂന്നു സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇവയെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സർക്കാറിന്റെ മറൈൻ കൺസർവേഷൻ സംഘം തിമിംഗലകൾക്ക് അടുത്തെത്തി ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. ഇന്നലെ കുടുങ്ങിക്കിടക്കുന്നവയെ രക്ഷപ്പെടുത്തി കടലിലേക്ക് വിടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 60ഓളം പേരാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്.