ന്യൂഡൽഹി: കാർഷിക ബിൽ നിയമമാക്കുന്നതിന് എതിരെ ലോക്‌സഭയിലും പ്രതിഷേധം. രാജ്യസഭയിൽ നടപടി നേരിട്ട എം.പിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തിന് ഒടുവിൽ പ്രതിപക്ഷം ലോക്‌സഭയും ബഹിഷ്‌കരിച്ചു. പ്രതിഷേധം അവസാനിപ്പിക്കാൻ മൂന്ന് വ്യവസ്ഥകളാണ് പ്രതിപക്ഷം മുന്നോട്ട് വച്ചിരിക്കുന്നത്. വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ സഭ തുടർന്നും ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. നിബന്ധനകളോടെ വ്യവസ്ഥകൾ അംഗീകരിക്കാമെന്നാണ് കേന്ദ്രസർക്കാർ നിലപാട്.
സ്വകാര്യമേഖലയെ നിയന്ത്രിക്കാൻ മറ്റൊരു കാർഷികബിൽ, സ്വാമിനാഥൻ കമ്മിഷൻ ശുപാർശ പ്രകാരം മിനിമം താങ്ങുവില , സസ്‌പെൻഡ് ചെയ്തവരെ തിരിച്ചെടുക്കുക എന്നീ മൂന്ന് വ്യവസ്ഥകളാണ് പ്രതിപക്ഷം മുന്നോട്ടുവച്ചത്. സസ്‌പെൻഡ് ചെയ്ത എം.പിമാരെ തിരിച്ചെടുക്കാം, എന്നാൽ സഭയിലെ പെരുമാറ്റത്തിൽ അവർ ഖേദം പ്രകടിപ്പിക്കണമെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇത് അംഗീകരിച്ചാൽ കാർഷിക ബില്ലിൽ ചർച്ച വയ്ക്കാമെന്നും വോട്ടിനിടാമെന്നും അദ്ദേഹം പ്രതിപക്ഷത്തെ അറിയിച്ചു.
അതിനിടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് സമാജ് വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് പറഞ്ഞു. പ്രതിപക്ഷത്തിന് വേണ്ടി താൻ മാപ്പ് പറയാൻ തയ്യാറാണെന്നും അദ്ദേഹം കേന്ദ്രത്തെ അറിയിച്ചു. കാർഷിക ബിൽ നിയമമാക്കുന്നതിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ചതിന് പ്രതിപക്ഷത്തെ എട്ട് എം.പിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. തുടർന്ന് ഇവർ പാർലമെന്റ് വളപ്പിൽ ഗാന്ധിപ്രതിമയ്ക്കുമുന്നിൽ ഉപവാസം ഇരിക്കുകയായിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സഭയിൽ സംസാരിച്ചു. കാർഷിക ബിൽ നിയമമാക്കുന്നതിനെതിരേ പ്രതിഷേധിച്ച എം.പിമാരെ സസ്‌പെൻഡ് ചെയ്ത നടപടി റദ്ദാക്കുന്നത് വരെ രാജ്യസഭാ നടപടികൾ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.