rakitic

സാഗ്രെബ് : 2018 ഫുട്ബാൾ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മിഡ് ഫീൽഡർ ഇവാൻ റാക്കിറ്റിച്ച് അന്താരാഷ്ട്ര ഫുട്ബാളിനോട് വിടപറഞ്ഞു. ക്രൊയേഷ്യയ്ക്ക് വേണ്ടി 106 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ 32 കാരൻ 15 ഗോളുകൾ നേടിയിട്ടുണ്ട്. ക്രൊയേഷ്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള നാലാമത്തെ താരമാണ്. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയ്ക്ക് എതിരെയാണ് അവസാനമായി അന്താരാഷ്ട്ര ഗോൾ നേടിയിരുന്നത്.

ആറ് സീസണുകളിൽ സ്പാനിഷ് ക്ളബ് ബാഴ്സലോണയുടെ മദ്ധ്യനിരയിലെ നിത്യസാന്നിദ്ധ്യമായിരുന്ന റാക്കിറ്റിച്ച് പുതിയ സീസണിൽ ബാഴ്സ വിട്ട് തന്റെ പഴയ ക്ളബ് സെവിയ്യയിലേക്ക് കൂടുമാറിയിരുന്നു. ബാഴ്സയ്ക്ക് വേണ്ടി 200 മത്സരങ്ങളിൽ 25 ഗോളുകൾ നേടിയിട്ടുണ്ട്.