ബെയ്റൂട്ട്: അടിയന്തരമായി സർക്കാർ രൂപീകരിച്ച് കാബിനറ്റ് വിളിച്ചുകൂട്ടിയില്ലെങ്കിൽ രാജ്യം നരക തുല്യമാകുമെന്ന് ലെബനൻ പ്രസിഡന്റ് മൈക്കൾ ഔൺ. ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയാണ് ഔണിന്റെ വിവാദ പ്രസ്താവന. ആഗസ്റ്റിൽ ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ 190 പേർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഹസൻ ദയിബ് മന്ത്രിസഭ രാജിവച്ചിരുന്നു. തുടർന്ന് പുതിയ സർക്കാർ രൂപീകരണം വിവിധ കാരണങ്ങളാൽ നീണ്ടുപോയി. രാജ്യത്തെ സഖ്യകക്ഷികൾ തമ്മിൽ ധാരണയിലെത്താതതാണ് സർക്കാർ രൂപീകരണത്തിന് വിലങ്ങുതടിയാകുന്നത്. പ്രധാന ഷിയ സഖ്യങ്ങളായ ഹിസ്ബൊള്ളയും അമൽ മൂവ്മെന്റും ധനകാര്യ വകുപ്പിന്റെ കാര്യത്തിൽ അവകാശ വാദം ഉന്നയിച്ചതാണ് നിലവിലെ പ്രതിസന്ധി. ലെബനൻ പ്രസിഡന്റ് മാരാെനെറ്റ് ക്രിസ്ത്യൻ വിഭാഗവും സ്പീക്കർ ഷിയ മുസ്ളിം വിഭാഗവും പ്രധാനമന്ത്രി സുന്നി മുസ്ളിമുമായിരിക്കണമെന്നാണ് നിലവിൽ ലെബനനിലുള്ള ദേശീയ ഉടമ്പടി. ഇത് എടുത്തുകളയണമെന്നും പ്രസിഡന്റ് ആവശ്യപ്പെടുന്നു.