ജക്കാർത്ത: 'തുരങ്കമുണ്ടാക്കി ജയിൽ ചാടുന്ന കള്ളൻമാർ"... സംഗതി ക്ളീഷേയാണെങ്കിലും ഇതേ ടെക്‌നിക് ഉപയോഗിച്ച് സൂത്രത്തിൽ തടവുചാടി രക്ഷപെട്ടിരിക്കയാണ് ഇന്തോനേഷ്യയിലെ കള്ളക്കടത്തുകാരൻ.
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയുടെ പ്രാന്തപ്രദേശത്തുള്ള ജയിലിൽ നിന്നാണ് വധശിക്ഷ നേരിടുന്ന ചൈനീസ് മയക്കുമരുന്ന് കടത്തുകാരൻ കായ് ചാങ്പാൻ (37) രക്ഷപെട്ടത്. ലഹരിമരുന്ന്
കള്ളക്കടത്തിന് ശിക്ഷിക്കപ്പെട്ടയാളാണ് ചാങ്പാൻ. തങ്ങെറാങ് പ്രദേശത്തെ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. അവിടത്തെ സെല്ലിൽ നിന്ന് മാലിന്യ പൈപ്പുകളിലേക്കും അവിടെ നിന്ന് പുറത്തേക്കുള്ള റോഡിലേക്കും തുരങ്കം കുഴിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്ന് ജക്കാർത്ത പൊലീസ് പറഞ്ഞു. ജയിൽ അടുക്കളയിലെ നിർമാണ ജോലിക്കിടെ തരപ്പെടുത്തിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇയാൾ തുരങ്കം കുഴിച്ചത്.
ഏകദേശം ആറ് മാസം മുമ്പ് തുരങ്കം കുഴിക്കാൻ ആരംഭിച്ചതായി ചാങ്പാനിനൊപ്പം സെല്ലിലുണ്ടായിരുന്നയാൾ വെളിപ്പെടുത്തിയതായി ഇന്തോനേഷ്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്രിസൺ വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ജയിലിൽ കാവൽക്കാരെ മാറ്റുന്ന സമയത്തായിരുന്നു ഇയാളുടെ രക്ഷപ്പെടലെന്നും വക്താവ് കൂട്ടിച്ചേർത്തു.
ഇന്തോനേഷ്യൻ വാർത്താ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 135 കിലോഗ്രാം മയക്കുമരുന്ന് കടത്തിയതിന് 2017 ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് ചാങ്പാൻ. 2017ൽ ജക്കാർത്ത പൊലീസ് ഡിറ്റൻഷൻ സെന്ററിൽ നിന്ന് ശുചിമുറിയുടെ ഭിത്തി തുരന്ന് ചാങ്പാൻ രക്ഷപ്പെട്ടിട്ടുണ്ട്. ഇന്തോനേഷ്യൻ പൊലീസ് ഇയാളെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.