ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിന്റെ പുതിയ സീസണിൽ നിലവിലെ റണ്ണർ അപ്പുകളായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയത്തുടക്കം. കഴിഞ്ഞ രാത്രി വോൾവർ ഹാംപ്ടണിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് സിറ്റി വിജയം കണ്ടത്. ഒരു ഗോളടിക്കുകയും മറ്റ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത കെവിൻ ഡി ബ്രുയാനാണ് സിറ്റിയുടെ വിജയശിൽപ്പി. രണ്ടാം പകുതിയിൽ സിറ്റിയെ ശരിക്കും വിറപ്പിച്ചശേഷമാണ് വോൾവർ കീഴടങ്ങിയത്.
20-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഡി ബ്രുയാനാണ് ആദ്യം വലകുലുക്കിയത്. 32-ാം മിനിട്ടിൽ ഫോഡൻ ലീഡുയർത്തി. 78-ാം മിനിട്ടിൽ ജിമിനെസിലൂടെ ഒരു ഗോൾ തിരിച്ചടിച്ച വോൾവർ നിരവധി ശ്രമങ്ങൾ നടത്തി സിറ്റിയെ വിറപ്പിച്ചു. ഇൻജുറി ടൈമിന്റെ അഞ്ചാം മിനിട്ടിൽ ഗബ്രിയേൽ ജീസസാണ് സിറ്റ്രയുടെ മൂന്നാം ഗോൾ നേടിയത്.