വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒന്നര മാസം മാത്രം ബാക്കി നിൽക്കെ, ചെറുപ്പക്കാർക്ക് പ്രിയം ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡനെന്ന് അഭിപ്രായ സർവെ ഫലം. ചെറുപ്പക്കാർക്കിടയിൽ ബൈഡൻ അനുകൂല തരംഗമാണുള്ളതെന്നും നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ സ്വീകാര്യത ബൈഡനാണെന്നും ഹാർവേഡ് കെന്നഡി സ്കൂൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് നടത്തിയ അഭിപ്രായ സർവെ വ്യക്തമാക്കുന്നു. നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ്.
30 വയസിൽ താഴെയുള്ള വോട്ടർമാരിൽ 60 ശതമാനവും ബൈഡന് വോട്ടുചെയ്യുമെന്നാണ് പറഞ്ഞത്. 27 ശതമാനം പേർ ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി. ഈ പ്രായക്കാരുടെ ഇടയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഹിലരി ക്ലിന്റന് കിട്ടിയ സ്വീകാര്യതയെക്കാൾ കൂടുതലാണ് ബൈഡന് ഇപ്പോൾ കിട്ടുന്നത്.
18-39 വയസുവരെയുള്ള വിഭാഗത്തിൽ ട്രംപിനെ പിന്തുണയ്ക്കുന്നവരിലെ 44 ശതമാനവും വോട്ട് ചെയ്യാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് പറഞ്ഞപ്പോൾ ബൈഡന് വോട്ടുചെയ്യുമെന്ന് പറഞ്ഞവരിൽ 30 ശതമാനത്തിന് മാത്രമേ ഈ ആവേശമുള്ളൂ.
പൊതുവിൽ ചെറുപ്പക്കാരിൽ ഇത്തവണ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള ആവേശം കൂടുതലാണെന്നാണ് സർവെ വ്യക്തമാക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മൂന്നിൽ ഒന്ന് വോട്ടർമാരും യുവാക്കളാണ്.