novak

റോം : മാസ്റ്റേഴ്സ് ടെന്നിസ് ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന റെക്കാഡ് ഇനി ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിന് സ്വന്തം. കഴിഞ്ഞ ദിവസം ഇറ്റാലിയൻ ഒാപ്പൺ ഫൈനലിൽ അർജന്റീനക്കാരൻ ഡീഗോ ഷ്വാർട്സ്മാനെ 75-,6-3ന് മറികടന്ന നൊവാക്ക് സ്വന്തമാക്കിയത് തന്റെ 36-ാമത് മാസ്റ്റേഴ്സ് 1000 കിരീടമാണ്. 35 കിരീടങ്ങൾ നേടിയിട്ടുള്ള റാഫേൽ നദാലിനെയാണ് ജോക്കോ മറികടന്നത്. റോജർ ഫെഡറർ 28 കിരീടങ്ങൾ നേടിയിട്ടുണ്ട്. ജോക്കോയുടെ അഞ്ചാമത് ഇറ്റാലിയൻ കിരീടമായിരുന്നു ഇത്.

റൊമേനിയൻ താരം സിമോണ ഹാലെപ്പിനാണ് ഇറ്റാലിയൻ ഒാപ്പണിലെ വനിതാ കിരീടം.ഫൈനലിൽ കരോളിന പ്ളിസ്കോവ മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറിയത് ഹാലെപ്പിന് നേട്ടമായി. അതേസമയം സമ്മാനത്തുകയിൽ പുരുഷ - വനിതാ ജേതാക്കൾ തമ്മിൽ 10യൂറോയുടെയെങ്കിലും വ്യത്യാസം വരുത്തിയത് സംഘാടകരുടെ പുരുഷാധിപത്യ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി പ്രതിഫലത്തുക വെട്ടിക്കുറച്ചിരുന്നു. പുരുഷ -വനിതാ ജേതാക്കൾക്ക് ഒരേ സമ്മാനത്തുക നൽകണമെന്ന് ആവശ്യമുയരുന്നുണ്ട്.