ലോസ്ആഞ്ചലസ് : ഹോളിവുഡ് നടൻ സിൽവെസ്‌റ്റർ സ്‌റ്റെലോണിന്റെ അമ്മ ജാക്കി സ്‌റ്റെലോൺ അന്തരിച്ചു. 98 വയസായിരുന്നു. ഉറക്കത്തിലായിരുന്നു അന്ത്യം. സെലിബ്രിറ്റി ബിഗ് ബ്രദർ എന്ന ബ്രിട്ടീഷ് ഷോയിലൂടെ ഏറെ ശ്രദ്ധനേടിയ ജാക്കി അറിയപ്പെടുന്ന ജ്യോതിഷിയും ഫിറ്റിനസ് ട്രെയിനറും റസ്‌ലിംഗ് പ്രമോട്ടറുമായിരുന്നു. ഗായകനും നടനുമായ ഫ്രാങ്ക് സ്‌റ്റെലോൺ മറ്റൊരു മകനാണ്.
1921ൽ വാഷിംഗ്ടണിൽ ജനിച്ച ജാക്കിയുടെ ശരിക്കുമുള്ള പേര് ജാക്വിലിൻ ഫ്രാൻസെസ് ലബോഫിഷ് എന്നാണ്. 15ാമത്തെ വയസിൽ വീട് വിട്ടിറങ്ങിയ ജാക്കി സർക്കസിൽ ചേരുകയായിരുന്നു. ജാക്കിയുടെ പിതാവ് സമ്പന്നനായ അഭിഭാഷകൻ ആയിരുന്നുവെങ്കിലും ജാക്കിയ്ക്ക് കലാമേഖലയോടായിരുന്നു താത്പര്യം. എന്നാൽ വീട്ടുകാർ ജാക്കിയോട് നിയമബുരുദം സ്വീകരിച്ച് പിതാവിന്റെ പാതയിൽ സഞ്ചരിക്കാൻ നിർബന്ധിച്ചതോടെയാണ് വീടുവിട്ടിറങ്ങിയത്.
ഹെയർ ഡ്രസറും നടനുമായ ഫ്രാങ്ക് സ്‌റ്റെലോൺ സീനിയറിനെ 1945ലാണ് ജാക്കി വിവാഹം കഴിച്ചത്. 12 വർഷത്തിന് ശേഷം ഇവർ വേർപിരിഞ്ഞു. ഈ വിവാഹത്തിലുള്ള മക്കളാണ് സിൽവസ്‌റ്റർ സ്‌റ്റെലോണും ഫ്രാങ്കും. ജാക്കി പിന്നീട് ആന്റണി ഫിലിറ്റി എന്നയാളെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഉണ്ടായ ടോണി ഡിആൾട്ടോ എന്ന മകൾ 2012 ൽ ശ്വാസകോശ ക്യാൻസർ ബാധിച്ച് 48ാം വയസിൽ അന്തരിച്ചിരുന്നു. 1998ൽ സ്‌റ്റീഫൻ ലിവൈൻ എന്നയാളെ ജാക്കി വിവാഹം കഴിച്ചു. പ്രായം കുറയ്ക്കാനായി താൻ മുഖത്ത് ചെയ്ത പ്ലാസ്റ്റിക് സർജറികളിൽ താൻ ഖേദിക്കുന്നതായി ജാക്കി തുറന്നു പറഞ്ഞിരുന്നു. 90ാം വയസിലും ജാക്കി വെയ്റ്റ് ലിഫ്റ്റിംഗ് ഉൾപ്പെടെയുള്ള ഫിറ്റ്നസ് കാര്യങ്ങളിൽ സജീവമായിരുന്നു.