ar

ലഡാക്ക്: 2017ലെ ദോക്‌ലാം സംഘർഷത്തിന് പിന്നാലെ ഇന്ത്യൻ അതിർത്തിയിൽ ചൈന വ്യോമത്താവളങ്ങളും വ്യോമപ്രതിരോധ യൂണിറ്റുകളുമടക്കം 13 പുതിയ സൈനിക കേന്ദ്രങ്ങൾ നിർമ്മിച്ചെന്ന് റിപ്പോർട്ട്. ലഡാക്കിലെ സംഘർഷത്തിന് ശേഷം നാല് ഹെലിപോർട്ടുകളുടെ പ്രവർത്തനവും തുടങ്ങി.

പ്രമുഖ സുരക്ഷാ, രഹസ്യാന്വേഷണ കൺസൾട്ടൻസിയായ സ്ട്രാറ്റ്‌ഫോർ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണിത്.
മൂന്ന് വ്യോമത്താവളങ്ങൾ, അഞ്ച് സ്ഥിരം വ്യോമപ്രതിരോധ യൂണിറ്റുകൾ, അഞ്ച് ഹെലിപോർട്ടുകൾ എന്നിവയാണ് ചൈന മൂന്ന് വർഷത്തിനുള്ളിൽ നിർമ്മിച്ചത്.

മേയിൽ ആരംഭിച്ച ലഡാക്ക് സംഘർഷത്തിന് പിന്നാലെയാണ് ഇതിൽ നാല് ഹെലിപോർട്ടുകളുടെ നിർമ്മാണം തുടങ്ങിയതെന്ന് പ്രതിരോധ വിദഗ്ദ്ധനും സ്ട്രാറ്റ്‌ഫോർ റിപ്പോർട്ടിന്റെ ലേഖകനുമായ സിം ടാക്ക് പറയുന്നു.
'2017ലെ ദോക്‌ലാം പ്രതിസന്ധി ചൈനയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ മാറ്റി മറിച്ചു. ഇതിന് ശേഷം മൂന്ന് വർഷം കൊണ്ട് അവർ വ്യോമത്താവളങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, ഹെലിപോർട്ടുകൾ എന്നിവയുടെ എണ്ണം ഇരട്ടയാക്കി.'- റിപ്പോർട്ടിൽ പറയുന്നു.

ലഡാക്കിലെ സംഘർഷത്തിന് ശേഷം ചൈന അതിർത്തിയിൽ കൂടുതൽ സൈനികരേയും പ്രത്യേക സൈനിക യൂണിറ്റുകളേയും വിന്യസിച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതിർത്തിയിൽ നിയന്ത്രണം ഉറപ്പിക്കാനുള്ള ചൈനയുടെ വലിയ ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ പിരിമുറക്കങ്ങളെന്നും സിം ടാക്ക് പറയുന്നു.

ചൈനയുടെ സൈനിക അടിസ്ഥാന സൗകര്യ നവീകരണം പൂർത്തിയായിട്ടില്ല. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇപ്പോൾ ഇന്ത്യയുടെ അതിർത്തിയിൽ കാണുന്ന ചൈനീസ് സൈനിക പ്രവർത്തനം ഒരു ദീർഘകാല ലക്ഷ്യത്തിന്റെ ആരംഭം മാത്രമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

73 ദിവസത്തെ തർക്കം

സിക്കിം അതിർത്തിയിലെ ദോക്‌ലാമിൽ ചൈന റോഡ് നിർമ്മിച്ചതായിരുന്നു 2017ലെ സംഘർഷം. 73 ദിവസം ഇരു സൈന്യങ്ങളും മുഖാമുഖം നിന്നു. 1962ലെ യുദ്ധത്തിന് ശേഷം ഇത്തരം ഉരസലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇരുസൈന്യവും വെടിവെയ്പിലേക്കോ മറ്റോ നീങ്ങിയിരുന്നില്ല. എന്നാൽ 1975ൽ അരുണാചൽ അതിർത്തിയിലും ഇപ്പോൾ ലഡാക്കിലും ചൈന വെടിനിറുത്തൽ ലംഘിച്ചു