devduth-padikkal

തിരുവനന്തപുരം : ടീമിന്റെ ആദ്യ മത്സരത്തിൽ താനും പ്ളേയിംഗ് ഇലവനിൽ ഉണ്ടെന്ന് ക്യാപ‌്ടൻ വിരാട് കൊഹ്‌ലിയിൽ നിന്ന് അറിഞ്ഞപ്പോൾ നല്ല പേടിതോന്നിയിരുന്നെന്ന് അരങ്ങേറ്റ ഐ.പി.എൽ മത്സരത്തിൽ അർദ്ധസെഞ്ച്വറി നേടി ചരിത്രം കുറിച്ച മലയാളി ക്രിക്കറ്റർ ദേവ്ദത്ത് പടിക്കൽ. പക്ഷേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ ക്യാപ്ടൻ കൊഹ്‌ലിയുടെ വാക്കുകൾ നൽകിയ ആത്മവിശ്വാസം ഗ്രൗണ്ടിലേക്ക് ഇറങ്ങാൻ ധൈര്യം നൽകി. ഒാപ്പണിംഗിന് ഒപ്പമുണ്ടായിരുന്ന ആസ്ട്രേലിയൻ ക്യാപ്ടൻ ആരോൺ ഫിഞ്ചും നല്ല പിന്തുണ നൽകിയതോടെയാണ് സൺറൈസേഴ്സിനെതിരെ സ്വപ്നതുല്ല്യമായ അരങ്ങേറ്റത്തിന് സാധിച്ചതെന്ന് ദേവ്ദത്ത് മത്സരശേഷം പറഞ്ഞു.

ഒരു മാസമായി വിരാട് കൊഹ്‌ലിക്കൊപ്പം ടീം ക്യാമ്പിൽ ഒരുമിച്ച് കഴിയാൻ സാധിച്ചതാണ് തന്റെ മനക്കരുത്ത് വർദ്ധിപ്പിച്ചതെന്ന് ഈ 20കാരൻ പറയുന്നു. " എന്തുസംശയങ്ങളും വിരാട് ഭയ്യയോട് ചോദിക്കാൻ സ്വാതന്ത്യമുണ്ടായിരുന്നു. ടെക്നിക്കലായും അല്ലാതെയും നിരവധി വിലപ്പെട്ട ഉപദേശങ്ങളാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്. ഇങ്ങനെയൊരു തുടക്കം ലഭിക്കുമെന്ന് കരുതിയതുപോലുമില്ലായിരുന്നു. പക്ഷേ എനിക്ക് നന്നായി ഒാപ്പൺ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു"- ദേവ് ദത്ത് പറയുന്നു.

ഗ്രൗണ്ടിലേക്ക് ഇറങ്ങിയ ശേഷം ആദ്യ ഒാവറിൽ മാത്രമാണ് തനിക്ക് സമ്മർദ്ദമുണ്ടായിരുന്നതെന്ന് എടപ്പാൾ സ്വദേശിയായ ദേവ്ദത്ത് പറയുന്നു. രണ്ടാം ഒാവറിൽ ആദ്യബൗണ്ടറി നേടിയതോടെ ആ പേടി പടികടന്നു. പിന്നെഒന്നും നോക്കിയില്ല, സ്വന്തം ശൈലിയിൽ കളിക്കാൻ തുടങ്ങിയെന്നും അർദ്ധസെഞ്ച്വറി നേടാനാകുമെന്നൊന്നും ചിന്തിച്ചില്ല. ആദ്യമത്സരത്തിൽ ടീം വിജയിച്ചതാണ് തന്റെ പ്രകടനത്തേക്കാൾ സന്തോഷം നൽകുന്നതെന്നും ദേവ്ദത്ത് കൂട്ടിച്ചേർത്തു.

42 പന്തുകളിൽ 8 ബൗണ്ടറികളടക്കം 56 റൺസടിച്ച ദേവ്ദത്താണ് മത്സരത്തിലെ പവർപ്ളേയർ പുരസ്കാരം നേടിയത്.

അരങ്ങേറ്റ ദേവൻ

ഐ.പി.എല്ലിൽ മാത്രമല്ല ഫസ്റ്റ് ക്ളാസ്, ലിസ്റ്റ് എ, ട്വന്റി-20 അരങ്ങേറ്റ മത്സരങ്ങളിലും അർദ്ധസെഞ്ച്വറി നേടിയ താരമാണ് ദേ്വദത്ത് പടിക്കൽ.

2018ൽ മഹാരാഷ്ട്രയ്ക്ക് എതിരെ രഞ്ജി ട്രോഫിയിൽ കർണാടക ടീമിനായി ഫസ്റ്റ് ക്ളാസ് അരങ്ങേറ്റമത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറി (77)നേടി.

2019ൽ ജാർഖണ്ഡിനെതിരായ ലിസ്റ്റ് എ അരങ്ങേറ്റ മത്സരത്തിൽ നേടിയത് 58 റൺസ്.

2019ൽ ട്വന്റി-20 അരങ്ങേറ്റത്തിൽ പുറത്താകാതെ 53 റൺസ് നേടി.

ആർ.സി.ബി കുപ്പായത്തിൽ അർദ്ധസെഞ്ച്വറിയുമായി അരങ്ങേറ്റം കുറിക്കുന്ന അഞ്ചാമനാണ് ദേവ്ദത്ത്. ക്രിസ് ഗെയ്ൽ,ഡിവില്ലിയേഴ്സ്, യുവ്‌രാജ് സിംഗ്,ശ്രീവത്സ് ഗോസ്വാമി എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയ മറ്റ് താരങ്ങൾ.

അരങ്ങേറ്റത്തിൽ ആർ.സി.ബിക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായും ദേവ്ദത്ത് മാറി. യുവിയെയും ഡിവില്ലിയേഴ്സിനെയും പിന്തള്ളിയ ദേവിന് മുന്നിൽ ഗെയ്ൽ (102*) മാത്രമേയുള്ളൂ.

ദേവ്ദത്തിന്റെ ബാറ്റിംഗ് നന്നായി ആസ്വദിച്ചു. ഇടംകയ്യന്മാരുടെ കളി കാണുന്നത്തന്നെ അഴകാണ്.

- സൗരവ് ഗാംഗുലി, മുൻ ഇന്ത്യൻ ക്യാപ്ടൻ

ആദ്യ മത്സരത്തിൽ തന്നെ ആർ.സി.ബി ദേവ്ദത്തിന് അവസരം നൽകിയത് നന്നായി. മറ്റൊരു താരോദയത്തിന് ഐ.പി.എൽ സാക്ഷ്യം വഹിച്ചിരിക്കുന്നു.

- ആകാശ് ചോപ്ര, മുൻ ക്രിക്കറ്റർ

വിസ്മയിപ്പിക്കുന്ന താരമാണ് ദേവ്ദത്ത്.അദ്ദേഹത്തിന്റെ ഒാൺസൈഡ് പിക്കറ്റ് ഷോട്ടും മിഡോഫിലൂടെയുള്ള ഡ്രൈവും ഇഷ്ടപ്പെട്ടു.

- ഹർഷ ഭോഗ്‌ലെ , കമന്റേറ്റർ