k-t-jaleel

കൊച്ചി : പാർട്ടിയും മുന്നണിയും ആവശ്യപ്പെട്ടാൽ രാജി വയ്ക്കാൻ തയാറാണെന്ന് മന്ത്രി കെ.ടി. ജലീൽ. ആരോപണങ്ങളുടെ പേരിൽ രാജിയില്ലെന്നും മനഃസാക്ഷിയുടെ മുന്നിൽ തെല്ലുപോലും പ്രതിക്കൂട്ടിലല്ലെന്നും ജലീൽ പറഞ്ഞു. ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജലീലിന്റെ പ്രസ്താവന.

എൻ.ഐ.എ ചോദ്യം ചെയ്ത വിവരം മറച്ചുവച്ചതിലും മന്ത്രി വിശദീകരണം നൽകി. ചോദ്യംചെയ്യൽ വിവാദം കൈകാര്യം ചെയ്യുന്നതിൽ പിഴവുണ്ടായിട്ടില്ലെന്നും വിവാദത്തെ വിശ്വാസവുമായി ബന്ധപ്പെടുത്താൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറ‌ഞ്ഞു. മൊഴി കൊടുക്കാൻ പോകുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും ഏതു വിധത്തിലാണ് നടപടികൾ എന്ന് സൂചിപ്പിച്ചിരുന്നില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.

സ്വർണക്കടത്തിൽ തനിക്ക് യാതൊരു പങ്കില്ലെന്നും സമ്മാനങ്ങളോ പണമോ സ്വീകരിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ തനിക്ക് ധാർമിക ബാധ്യതയില്ലെന്നും ജലീൽ വ്യക്തമാക്കി. എൻ.ഐ.എയിൽ വിശ്വാസക്കുറവില്ലെന്നും തനിക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തതെന്നും ജലീൽ പറഞ്ഞു.

ഖുർആൻ വിതരണത്തിൽ യാതൊരു അപാകതയുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി നടക്കുന്ന സാംസ്കാരിക വിനിമയമായ ഇക്കാര്യത്തിൽ പ്രോട്ടോക്കോൾ ലംഘനമോ നിയമലംഘനമോ ഉണ്ടായിട്ടില്ല. ഖുർആൻ സി - ആപ്റ്റിലെത്തിക്കാൻ താനാണ് നിർദേശിച്ചതെന്നും മന്ത്രിയെന്ന നിലയിൽ ചുമതല നിർവഹിച്ചതാണെന്നും അദ്ദേഹം പറയുന്നു.

മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നിൽ കാണുന്നു. ഈ പ്രതിസന്ധി മറക്കടക്കാൻ ലീഗ് തനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. ലീഗ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമമെന്ന് ജലീൽ വ്യക്തമാക്കി.