തിരുവനന്തപുരം: തിരക്കുള്ള റോഡിൽ ചെളിയില്‍ കാലുകള്‍ ഉറച്ച് ഒരു യുവതി. കാലുകൾ ചെളിയിൽ നിന്ന് എടുക്കാൻ സാധിക്കാതെ അവർ സഹായത്തിനായി ചുറ്റും നോക്കുന്നുണ്ട്. റോഡിലൂടെ നിരവധി വാഹനങ്ങൾ പോകുന്നുണ്ടെങ്കിലും ആരും യുവതിയെ സഹായിക്കായി ശ്രമിക്കുന്നില്ല. ഇത് കഥയല്ല, തലസ്ഥാനത്ത് തിരക്കെറിയ റോഡിൽ നടന്ന സംഭവമാണ്.
തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കഴക്കൂട്ടത്ത് നിര്‍മാണം പുരോഗമിക്കുന്ന ഫ്ലൈ ഓവറിന് സമീപത്താണ് യുവതി ചെളിയില്‍ കുടുങ്ങിയത്. ധാരാളം വാഹനങ്ങള്‍ കടന്നു പോവുന്ന പാതയ്ക്ക് സമീപത്തേക്ക് ഇറങ്ങി വന്ന സ്ത്രീയാണ് ചെളിയില്‍ കാലുടക്കി നില്‍ക്കുന്നത്. പാലം നിര്‍മാണം നടക്കുന്നതിന്റെ ഭാഗമായാണ് റോഡിന് വശങ്ങളില്‍ ചെളി നിറഞ്ഞതെന്ന് വ്യക്തം. എന്നാല്‍ ആരും സഹായിക്കാനില്ലാതെ നില്‍ക്കുന്ന സ്ത്രീ ചെളിയില്‍ നിന്നും കയറാനാവാതെ പാടുപെടുന്നതാണ് ദൃശ്യത്തിലുള്ളത്.
എഴുത്തുകാരന്‍ സക്കറിയയാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. നാട് പരിപാലിച്ച് ജനങ്ങളെ സേവിക്കേണ്ട ജനപ്രതിനിധികളെ വിമർശിച്ചാണ് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മിനിറ്റില്‍ താഴെ മാത്രമാണ് വീഡിയോയുടെ ദൈർഖ്യം 'തിരുവനന്തപുരത്തെ കഴക്കൂട്ടം ബൈപ്പാസില്‍ നിന്നാണ് ഈ വീഡിയോ. ഈ നഗരത്തിന് നഗരപാലികര്‍ ഉണ്ടത്രെ. നഗര പാലികരോ കാപാലികരോ?. നഗരത്തിന് മന്ത്രിയും ഉണ്ട് എംപിയും ഉണ്ട് എന്നും മറക്കണ്ട.' എന്നാണ് വീഡിയോടൊപ്പം എഴുത്തുകാരൻ കുറിച്ചിരിക്കുന്നത്.