klm

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ചക്കിമേടിൽ പറമ്പിലെ മാലിന്യക്കുഴിയിൽ വീണ കുട്ടിപ്പിടിയാനയെ വനപാലകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഒരു വയസ് പ്രായം വരുന്ന കാട്ടാനക്കുട്ടി അഞ്ച് മണിക്കൂറോളം മാലിന്യക്കുഴിയിൽ കുടുങ്ങി.

ജെ.സി.ബി കൊണ്ട് കുഴിയുടെ അരിക് ഇടിച്ചാണ് കരയ്ക്ക് കയറ്റിയത്. ശേഷം ആർക്കും ശല്യമില്ലാതെ റോഡരികിൽ നിലയുറപ്പിച്ച കുട്ടിപ്പിടിയാന ഏറെ നേരത്തെ ശ്രമഫലമായാണ് വനത്തിലേക്ക് കയറിപ്പോയത്.

ആനശല്യം രൂക്ഷമായ പ്രദേശമാണ് ചക്കിമേട്. ഇവിടെ ജനവാസ മേഖലയിൽ ഇന്നലെ രാത്രി പതിനഞ്ചോളം ആനകൾ എത്തിയതിൽ നിന്നും കൂട്ടംതെറ്റി കുഴിയിൽ വീണതാണ് കുട്ടിയാന. ഇതിനെ രക്ഷിക്കാനായി പുലർച്ചെ വരെ ആനകൾ ഇവിടെ തമ്പടിച്ചിരുന്നു. ഒരാഴ്ചയായി കൃഷിയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്.

മുൻപ് എപ്പോഴോ പറ്റിയ പരിക്ക്മൂലം കാല് നിലത്ത് കുത്താൻ സാധിക്കാത്ത നിലയിലാണ് കുട്ടിയാന. കുഴിയിലെ വീഴ്ചയിൽ പരിക്കുകളൊന്നുമില്ലെന്നാണ് നിഗമനം. കുട്ടിയാന ആനക്കൂട്ടത്തോടൊപ്പം ചേർന്നില്ലെങ്കിൽ ചികിത്സ നൽകുമെന്ന് വനപാലകർ പറഞ്ഞു. ഇതറിയാനായി വനംവകുപ്പ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.