sanju-samson-royals-win

ഷാർജ : സൂപ്പർമാനെപ്പോലെ ഒമ്പത് സിക്സുകൾ പറത്തി 32 പന്തുകളിൽ നിന്ന് 74 റൺസടിച്ചുകൂട്ടിയ മലയാളി താരം സഞ്ജു സാംസണിന്റെയും നായകൻ സ്റ്റീവൻ സ്മിത്തിന്റെയും (47പന്തിൽ 69 റൺസ്, നാലുവീതം സിക്സും ഫോറും) മികവിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 16 റൺസിന്റെ തകർപ്പൻ വിജയം. ഷാർജ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയൽസ് നിശ്ചിത 20 ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ216 റൺസ് നേടിയപ്പോൾ ചെന്നൈ 200/6ലേ എത്തിയുള്ളൂ.

അരങ്ങേറ്റ ഒാപ്പണർ യശ്വസി​ ജയ്സ്വാൾ (6) മൂന്നാം ഒാവറിൽ ദീപക് ചഹറിന് റിട്ടേൺ ക്യാച്ച് നൽകി പുറത്തായതിന് പിന്നാലെ ഇറങ്ങിയ സഞ്ജു തകർപ്പൻ തുടക്കമാണ് സ്മിത്തിനാെപ്പം ടീമിന് നൽകിയത്.അഞ്ചാം ഒാവറിൽ സാം കറാനെ അടുത്തടുത്ത പന്തുകളിൽ ഫോറും സിക്സും പായിച്ചാണ് സഞ്ജു തുടങ്ങിയത്.അടുത്ത ഒാവറിൽ ദീപക് ചഹറിനെയും ഗാലറി കാണിച്ച സഞ്ജു ഏഴാം ഒാവറിൽ ജഡേജയ്ക്കെതിരെ നേടിയത് രണ്ട് സിക്സുകൾ.ഇതിലൊന്ന് സ്റ്റേഡിയത്തിന്റെ മച്ചിൻപുറത്തേക്കാണ് ചെന്നുവീണത്. പിന്നാലെ വന്ന പിയൂഷ് ചൗള തന്റെ ആദ്യ ഒാവറിൽ ഈ മലയാളിപ്പയ്യനിൽ നിന്ന് വാങ്ങിക്കൂട്ടിയത് മൂന്ന് സിക്സുകൾ!.ഈ ഒാവറിൽ സഞ്ജു ഐ.പി.എല്ലിലെ തന്റെ ഏറ്റവും വേഗത്തിലുള്ള അർദ്ധസെഞ്ച്വറി തികയ്ക്കുകയും ചെയ്തു.20 പന്തുകളാണ് അമ്പതുകടക്കാൻ വേണ്ടിവന്നത്.

സ്മിത്തും പറപ്പിക്കാൻ തുടങ്ങിയതോടെ റോയൽസിന്റെ സ്കോർ കുത്തനേ കുതിച്ചു.ഒൻപത് ഒാവറിൽ ടീം 100ലെത്തി.12-ാം ഒാവറിലാണ് സഞ്ജു പുറത്തായത്. എംഗിഡിയുടെ പന്തിൽ ചഹറാണ് ക്യാച്ചെടുത്തത്. 56 പന്തുകളിൽ സ്മിത്തിനൊപ്പം 121 റൺസാണ് സഞ്ജു കൂട്ടിച്ചേർത്തത്.132/2 എന്ന നിലയിലാണ് സഞ്ജു മടങ്ങിയത്. പിന്നാലെ ഇറങ്ങിയ ഡേവിഡ് മില്ലർ (0) റൺഔട്ടാവുകയും റോബിൻ ഉത്തപ്പ(5) ചൗളയുടെ പന്തിൽ ഡുപ്ളെസിക്ക് ക്യാച്ച് നൽകുകയും ചെയ്തതോടെ റോയൽസ് 14.1ഒാവറിൽ 149/4 എന്ന നിലയിലായി. തുടർന്ന് രാഹുൽ തേവാത്തിയ(10), റയാൻ പരാഗ് (6),സ്മിത്ത് എന്നിവർ പുറത്തായെങ്കിലും അവസാന ഒാവറി​ൽ നാല് സി​ക്സടക്കം 30 റൺസടിച്ചുകൂട്ടിയതോടെ റോയൽസ് 216ലെത്തിയത്.

മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി മുരളി വിജയ്‌യും (21) ഷേൻ വാട്സണും (33) 56 റൺസടിച്ച് മികച്ച തുടക്കം നൽകിയെങ്കിലും ഏഴാം ഒാവറിൽ വിജയ്‌യും അടുത്ത ഒാവറിൽ വാട്സണും പുറത്തായത് തിരിച്ചടിയായി. ഒൻപതാം ഒാവറിൽ തേവാത്തിയയുടെ അടുത്തടുത്ത പന്തുകളിൽ സാം കറാനെയും (17), റിതുരാജ് ഗെയ്ക്ക്‌വാദിനെയും (0) സഞ്ജു കിടിലൻ സ്റ്റംപിംഗിലൂടെ പുറത്താക്കി. 14-ാം ഒാവറിൽ കേദാർ യാദവിനെ (22) പുറത്താക്കാൻ ഉയർന്നുചാടി ഒറ്റക്കൈകൊണ്ട് സഞ്ജുവെടുത്ത ക്യാച്ചും ശ്രദ്ധേയമായി. പൊരുതിനിന്ന ഫാഫ് ഡുപ്ളെസി (37 പന്തുകളിൽ 72 റൺസ്, ഏഴ് സിക്സ്) 19-ഒാവറി​ൽ സഞ്ജുവി​ന് ക്യാച്ച് നൽകി​ പുറത്തായതോടെ ചെന്നൈയുടെ പ്രതീക്ഷയറ്റു.നായകൻ ധോണി​ 17 പന്തുകളിൽ മൂന്ന് സിക്സടക്കം 29 റൺസുമായി പുറത്താകാതെ നിന്നു

33

സിക്സുകളാണ് ഇന്നലെ മത്സരത്തിൽ പിറന്നത്. റോയൽസിന്റെ ഇന്നിംഗ്സിൽ 17 സിക്സുകൾ. ഇതിൽ ഒൻപതെണ്ണവും സഞ്ജുവിന്റെ ബാറ്റിൽ നിന്ന്. ചെന്നൈ 16 സി​ക്സുകൾ പറത്തി​.

150

സഞ്ജുവിന്റെ 150-ാമത്തെ ‌ട്വന്റി-20 മത്സരമായിരുന്നു ഇത്.ട്വന്റി-20 ഫോർമാറ്റിൽ 150 സിക്സുകളും സഞ്ജു തികച്ചു.

3500

‌ട്വന്റി-20 യിൽ സഞ്ജു 3500 റൺസ് പിന്നിട്ടു.

22

‌ട്വന്റി-20 യി​ലെ സഞ്ജുവി​ന്റെ അർദ്ധസെഞ്ച്വറി​കളുടെ എണ്ണം.

8

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി നേടുന്ന അർദ്ധസെഞ്ച്വറികളുടെ എണ്ണം.

19

അർദ്ധസെഞ്ച്വറിയിലെത്താൻ എടുത്ത പന്തുകളുടെ എണ്ണം. സഞ്ജുവിന്റെ ഏറ്റവും വേഗമേറിയ ഐ.പി.എൽ അർദ്ധ സെഞ്ച്വറി.

9

സിക്സുകൾ വീതം രണ്ട് ഐ.പി.എൽ ഇന്നിംഗ്സുകളിൽ നേടുന്ന ആദ്യ ഇന്ത്യൻ താരം.

സഞ്ജൂസ് ഡെസർട്ട് സ്ട്രോം

1998-ൽ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ ആസ്ട്രേലിയയ്ക്കെതിരെ ഡെസർട്ട് സ്ട്രോം എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്നിംഗ്സ് കാഴ്ചവച്ച ഷാർജ സ്റ്റേഡിയത്തിലാണ് ഇന്നലെ സഞ്ജു സിക്സറുകൾ വർഷിച്ചത്. സഞ്ജുവിന്റെ സിക്സുകൾ ഇങ്ങനെയായിരുന്നു

1. അഞ്ചാം ഒാവറിന്റെ നാലാം പന്തിൽ സാം കറാനെതിരെ സ്ക്വയർ ലെഗ്ഗിലേക്ക് ഒരു പുൾ ഷോട്ടിലൂടെയായിരുന്നു സഞ്ജുവിന്റെ ആദ്യ സിക്സ്.

2. ആറാം ഒാവറിൽ ചഹറിനെയും സ്ക്വയർ ലെഗ്ഗിലൂടെ ഗാലറി കാണിച്ചു.

3.ഏഴാം ഒാവറിന്റെ മൂന്നാം പന്തിൽ ജഡേജയെ ലോംഗ് ഒാണിലേക്ക് പറത്തി.

4.തൊട്ടടുത്ത പന്തിൽ ലോംഗ് ഒാഫിലേക്കുള്ള ലോഫ്റ്റ് ഷോട്ട് സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ ചെന്നുപതിച്ചു.

5.എട്ടാം ഒാവർ എറിയാനെത്തിയ പിയൂഷ് ചൗളയെ ആദ്യ പന്തിൽ ലോംഗ് ഒാണിലേക്ക് പറത്തി.

6. അടുത്ത പന്ത് എക്സ്ട്രാ കവറിന് മുകളിലൂടെ പറന്ന് ഗാലറി കണ്ടു.

7.ഇതേ ഒാവറിലെ അഞ്ചാം പന്തിൽ ബൗളറുടെ തലയ്ക്ക് മുകളിലൂടെ സിക്സ്.

8.ചൗള എറി​ഞ്ഞ പത്താം ഒാവറി​ലെ മൂന്നാം പന്തി​ൽ സ്ട്രെയ്റ്റ് സി​ക്സ്

9 ജഡേജയ്ക്കെതി​രെ 11-ാം ഒാവറിൽ ലോംഗ് ഒാഫിലേക്കായിരുന്നു അടുത്ത സിക്സ്.