കൊച്ചി: സുപ്രീകോടതി വിധിയുടെ പശ്ചാത്തലത്തിൽ പാലാരിവട്ടം മേൽപ്പാലം കഴിയുന്നത്ര വേഗത്തിൽ പൊളിച്ച് പുതിയത് നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി. ഈ രംഗത്ത് വിദഗ്ധനായ ഇ ശ്രീധരനെപ്പോലെയുള്ളവരുടെ അഭിപ്രായം അനുസരിച്ചാണ് സർക്കാർ ആദ്യം മുതൽ നിലപാട് സ്വീകരിച്ചിരിക്കുന്നത്.തുടർ നടപടികളിലും ഇ ശ്രീധരന്റെ പങ്കാളിത്തം ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലം പുനര്‍നിര്‍മാണച്ചുമതല ഏറ്റെടുക്കുന്ന കാര്യം ആലോചിക്കാമെന്നാണ് ഇ.ശ്രീധരന്‍ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഡി.എം.ആര്‍.സിയുമായി ഇക്കാര്യം വിശദമായി സംസാരിക്കേണ്ടതുണ്ട്. അതിന് ശേഷം, അന്തിമതീരുമാനമെടുക്കാം. സുപ്രീംകോടതിയുടെ ഉത്തരവിന് ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനുമായി സംസാരിച്ചു. തന്റെ ബുദ്ധിമുട്ടുകള്‍ മന്ത്രിയെ അറിയിച്ചതായി ഇ.ശ്രീധരന്‍ പറയുന്നു. ഡി.എം.ആര്‍.സി കൊച്ചിയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഈ സാഹചര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കുന്നു.
നേരത്തേ, പാലത്തിന്റെ സ്ഥിതിയെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് പ്രകാരം ഇ.ശ്രീധരന്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാലം അപകടാവസ്ഥയിലാണെന്നും, അറ്റകുറ്റപ്പണികള്‍ മതിയാകില്ലെന്നും, പുനര്‍നിര്‍മിക്കണമെന്നും ഇ.ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടിനൊപ്പം, ഈ റിപ്പോര്‍ട്ടും പ്രധാനമായും ചൂണ്ടിക്കാട്ടിയാണ്, കേരളത്തിന് വേണ്ടി അഡ്വ. കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നത്.