-a-k-saseendran-ksrtc

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ച് തിരുവനന്തപുരത്തടക്കം ഒരു റിസ്ക് എടുക്കാൻ പറ്റുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. ആശങ്കയോടെയാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കൊവിഡ് സ്ഥിതി ഈ രീതിയിൽ തുടർന്നാൽ ബസ് സർവീസുകൾ നിറുത്തിവയ്ക്കേണ്ടതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സർക്കാരാണ്. അതിനാൽ, സംസ്ഥാന സർക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. എ.കെ ശശീന്ദ്രൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

ജീവനക്കാർക്ക് ആശങ്ക

കെ.എസ്.ആർ.ടി.സി ഒറ്റപ്പെട്ട സർവീസുകൾ നടത്തുന്നുവെന്നേയുളളൂ. വലിയ മെച്ചമൊന്നുമില്ല. മിക്കവാറും സ്ഥലങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകളാണ്. അവിടങ്ങളിലൂടെ കടന്നുപോകാം എന്നല്ലാതെ ആളുകളെ ഇറക്കാനോ കയറ്റാനോ പറ്റില്ല. മിക്കവാറും എല്ലാ ജില്ലകളിലും ഇരുപതിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകളാണ്. തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നത് ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. രോഗവ്യാപനം ഇനിയും രൂക്ഷമായാൽ പതിയെ പതിയെ സർവീസ് നിർത്തിവയ്‌ക്കേണ്ട നടപടികളിലേക്ക് കെ.എസ്.ആർ.ടി.സിക്ക് പോകേണ്ടിവരും. പലയിടത്തും ജീവനക്കാർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. സ്വാഭാവികമായും ജീവനക്കാർക്ക് ആശങ്കയുണ്ട്.

അവരുമായി തർക്കമില്ല

സ്വകാര്യ ബസ് ഉടമകളുമായി സർക്കാരിന് യാതൊരു തർക്കവും ഇപ്പോഴില്ല. അവർ ബസ് എടുക്കാത്തത് സർക്കാരിനോടുളള പ്രതിഷേധം കൊണ്ടാണെന്നാണ് പലരും കരുതുന്നത്. ബസിൽ ആളെ കിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. സ്വകാര്യ ബസുകൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം സർക്കാർ ചെയ്‌ത് കൊടുത്തിട്ടുണ്ട്. നമ്മൾ ചാർജ് കൂട്ടിയാലും കുറച്ചാലും ബസിൽ ആളുകൾ കയറുന്നില്ല. കെ.എസ്.ആർ.ടി.സിയിൽ തന്നെ ദീർഘദൂര സർവീസുകളിലാണ് കുറച്ചുപേരെങ്കിലും കയറുന്നത്.

അതുവരെ ഉന്തിതള്ളി കൊണ്ടുപോകണം

ഒരു ശേഷിയുമുളള സ്ഥാപനമല്ല കെ.എസ്.ആർ.ടി.സി. കൊവിഡ് കാലം ആയതുകൊണ്ട് ശമ്പളം കൊടുക്കാൻ സ‌ർക്കാർ പണം തരുന്നുണ്ട്. ശമ്പളവും പെൻഷനുമെല്ലാം സർക്കാർ ഇപ്പോൾ കൃത്യമായി കൊടുക്കുന്നുണ്ട്. മൂന്ന്, നാല് തീയതിയൊക്കെ ആകുമ്പോൾ ജീവനക്കാർക്ക് ശമ്പളം കിട്ടുന്നുണ്ട്. പക്ഷേ, മുന്നോട്ടുളള പോക്ക് എങ്ങനെയാണെന്ന് അറിയില്ല. കൊവിഡ് കഴിഞ്ഞാൽ ആരും പൈസ തരാൻ പോകുന്നില്ല. കെ.എസ്.ആർ.ടി.സി മാത്രമല്ല സംസ്ഥാനത്തേയും ഇതരസംസ്ഥാനങ്ങളിലേയും എല്ലാ പൊതുഗതാഗത സർവീസുകളും അനിശ്ചിതത്വത്തിലാണ്. ട്രെയിനും വിമാനവുമടക്കം ഗതാഗത മേഖലയാകെ കൊവിഡിനെ തുടർന്ന് തകർന്ന് തരിപ്പണമായിരിക്കുകയാണ്. അതിജീവിക്കാൻ സമയമെടുക്കും. അതുവരെ ഉന്തിത്തളളി കൊണ്ടുപോകണം.

എല്ലാവർക്കും ടൂവീലർ

ആളുകൾക്കിടയിൽ സ്വയം നിയന്ത്രണം വന്നിട്ടുണ്ട്. നിയന്ത്രണം ഉണ്ടെന്ന് കരുതി അവർ യാത്ര ചെയ്യാതെ ഇരിക്കുന്നില്ല. അവ‌ർ സ്വന്തം വാഹനങ്ങളിലേക്ക് യാത്ര മാറ്റി. ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ സംസ്ഥാനത്ത് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇത് മനസിലാക്കാൻ തിരുവനന്തപുരത്തെ മാത്രം കണക്കെടുത്താൽ മതി. അതൊരു ലക്ഷണമാണ്.

പുതിയ പദ്ധതികളില്ല

കെ.എസ്.ആർ.ടി.സിയിൽ അടുത്തകാലത്തൊന്നും പുതിയ പദ്ധതികളുണ്ടാകില്ല. അതേക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നുമില്ല. എന്നാൽ യാത്രക്കാരുടെ സ്വീകാര്യത വർദ്ധിപ്പിക്കാൻ കമ്പ്യൂട്ടറൈസേഷൻ ഉൾപ്പടെ നടപ്പാക്കാനുളള ശ്രമങ്ങളുമായി മുന്നോട്ട് പോകും. സ്വന്തം വാഹനങ്ങളിലേക്ക് പോകുന്നവരെ ആകർഷിക്കലാണ് പ്രധാന അജണ്ട. തലസ്ഥാനത്ത് നെയ്യാറ്റിൻകരയിൽ നിന്നും നെടുമങ്ങാട് നിന്നും നഗരത്തിലേക്ക് ആരംഭിച്ച 'ബസ് ഓൺ ഡിമാൻഡ്' വിജയമാണ്. ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുളള നീക്കം നടത്തും. എന്നാൽ, കെ.എസ്.ആർ.ടി.സിയെ സഹായിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ഈ പ്രതിസന്ധി കാലത്ത് ഉണ്ടായിട്ടില്ല. ആയിരം കോടി ചോദിച്ചിട്ട് ഒരു രൂപ പോലും അവർ തന്നില്ല.

ബിജു മിടുക്കൻ

ബിജുപ്രഭാകർ നല്ലതുപോലെ പഠിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. കാര്യങ്ങൾ പഠിച്ച് പോംവഴികൾ കണ്ടെത്താൻ അദ്ദേഹത്തിന് അറിയാം. എന്നാൽ പ്രതികൂല സാഹചര്യങ്ങൾ കാരണം കോർപ്പറേഷനെ മെച്ചപ്പെടുത്താൻ സാധിക്കുന്നില്ല. നല്ല രീതിയിൽ മുന്നോട്ട് പോകാം എന്ന കരുതിയ സ്ഥലത്ത് എല്ലാം തകിടം മറിഞ്ഞ് പോവുകയാണ്. കൊവിഡ് ഇല്ലായിരുന്നെങ്കിൽ ബസ് റൂട്ടുകളിലടക്കം മാറ്റം വരുത്തി വലിയ മാറ്റങ്ങൾ നടപ്പാക്കാൻ ഞങ്ങൾ ആലോചിച്ചിരുന്നു.