tiktok

ബീജിംഗ്: നിർദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇന്ത്യയിൽനിന്നുള്ള 3.7 കോടി വീഡിയോകള്‍ ടിക്ടോക് നീക്കം ചെയ്തുതായി റിപ്പോർട്ടുകൾ പുറത്ത്. ബൈറ്റ്ഡാൻസിന്റെ റിപ്പോർട്ടിലാണ് 2020 പകുതിയോടെ വീഡിയോകൾ നീക്കം ചെയ്തതായി പറയുന്നത്. വ്യാജവിവരങ്ങൾ നൽകുന്നത് ഒഴിവാക്കുന്നതിനുളള നടപടിയാണിതെന്നും കമ്പനി പറയുന്നു.

ഈ കഴിഞ്ഞ ജൂൺ അവസാനത്തോടെയാണ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടിക്ടോക്കിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയത്. ഇന്ത്യയിൽ ആപ്പ് സ്റ്റോറിൽനിന്നും ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ഇവ നീക്കം ചെയുകയും ചെയ്തു. ഇന്ത്യയിൽ നിന്നുളള 3,76,82,924 വീഡിയോകളാണ് 2020ന്റെ ആദ്യപകുതിയിൽ നീക്കം ചെയ്തത്. ടിക്ടോകിന്റെ നിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി 10,42,43,719 വീഡിയോകളാണ് ജ്യാന്തരതലത്തിൽ നീക്കം ചെയ്തിട്ടുള്ളത്.

96.46 ശതമാനം വീഡിയോകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുമ്പുതന്നെ മാറ്റിയിട്ടുള്ളതാണ്. 90.32 ശതമാനം വ്യൂ ലഭിക്കുന്നതു മുമ്പ് മാറ്റിയെന്ന് കമ്പനി റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താവിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് 42 രാജ്യങ്ങളിലെ മാർക്കറ്റുകളിൽ നിന്ന് 1,768 അപേക്ഷകൾ ടിക്ടോക്കിന് ലഭിച്ചു. 15 രാജ്യങ്ങളിലെ മാർക്കറ്റുകളിൽ നിന്നും കണ്ടന്റ് മാറ്റണമെന്നും അല്ലെങ്കിൽ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സർക്കാർ ഏജൻസികൾ 121 അപേക്ഷകൾ നൽകി. കോപ്പി റൈറ്റുള്ള 10,625 കണ്ടന്റുകളും ടിക്ടോക്കിൽ നിന്ന് നീക്കം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ, ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, സ്പെയിൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ ഫാക്ട് ചെക്കിംഗ് ടിക്ടോക് നൽകിയിരുന്നു. കൊവിഡ് സബ് കാറ്റഗറി ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്ന കണ്ടന്റുകൾ നീക്കം ചെയ്യാനുള്ള അവസരവും ടിക്ടോക്കിൽ ഒരുക്കിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.