
മുംബയ്: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. 21 പേർ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. മരിച്ചവരിൽ പത്തു കുട്ടികളുമുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും മുംബയ് ഫയർ ഫോഴ്സും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെ 3.40നാണ് 40 വർഷം പഴക്കമുളള ജിലാനി പാർപ്പിട സമുച്ചയം തകർന്നു വീണത്. 1984ൽ പണിത മൂന്ന് നില കെട്ടിടത്തിൽ 20 ഓളം കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. പുലർച്ചെ വലിയ ശബ്ദത്തോടെ കെട്ടിടം തകർന്നു വീഴുകയായിരുന്നു. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.