പുതിയ കാര്‍ഷിക ബില്ലിനെതിരായി ജനരോഷം രാജ്യത്തുടനീളം ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ ബില്ലുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. രാജവ്യാപകമായി കര്‍ഷകരുടെ പ്രതിഷേധം ആളിക്കത്തുമ്പോള്‍ ബില്ലിനെ പിന്തുണച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. ബില്ലിനെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ ഇളകി മറിയും എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞതെന്നും എന്നാല്‍ അങ്ങനെ ഒന്നും തന്നെ സംഭവിച്ചില്ല എന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ എഴുതി.
കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
'കാര്‍ഷിക ബില്ലും രാജ്യസഭാ കടന്നു. ചിലര്‍ ഇതിനെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2എന്നും ഡിമോണിറ്റസേഷന്‍ 2.0 എന്നൊക്കെ പറഞ്ഞു കേട്ടു. കൊള്ളാം. ഇതിനെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ ഇളകി മറിയും എന്നൊക്കെയാണ് ആരൊക്കയോ പറഞ്ഞത്. ഒന്നും സംഭവിച്ചില്ല. സംഭവിച്ചത് 2 കുടുംബക്കാര്‍ക്ക് മാത്രം. ഒന്ന് യു.പി.എ യില്‍ നിന്നുള്ള കുടുംബം, മഹാരാഷ്ട്രകാരാ, മറ്റൊന്ന് എൻ.ഡി.എയില്‍ നിന്നുള്ളതാ, അങ്ങ് പഞ്ചാബിലുള്ള കുടുംബം. അവരുടെ വാര്‍ഷിക വരുമാനത്തില്‍ ഒരു 10000 കോടിയും ഒരു 5000 കോടിയും പോകും അത്രേ ഉള്ളു. എൻ.ഡി.എയുടെ വനിതാ എം.പി രാജി കാണിച്ചു വിരട്ടി. പ്രസിഡന്റ് എടുപിടീന്ന് രാജി വാങ്ങി സ്വീകരിച്ചു. വനിതാ എംപി യുടെ ഉള്ള പണിയും പോയി. കര്‍ഷകരെ പണ്ടത്തെ പോലെ പറ്റിക്കാന്‍ പറ്റൂല. അവര്‍ക്കും കാര്യം മനസ്സിലായി. കയ്യില്‍ മൊബൈല്‍ ഉണ്ടല്ലോ.'