പാലക്കാട്: കഞ്ചിക്കോട്ടെ പെപ്സി ഫാക്ടറി അടച്ചുപൂട്ടാനൊരുങ്ങി മാനേജ്മെന്റ്. സ്ഥാപനം അടച്ചു പൂട്ടുന്നതായി കാണിച്ച് പെപ്സി ഉത്പാദനം നടത്തുന്ന വരുൺ ബിവറേജസ് സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. സ്ഥാപനം അടച്ചുപൂട്ടുന്നതോടെ സ്ഥിരം ജീവനക്കാരുൾപ്പെടെ നാണൂറോളം പേർക്ക് തൊഴിൽ നഷ്ടമാവും. ജീവനക്കാർക്ക് മൂന്ന് മാസത്തിനുളളിൽ നഷ്ടപരിഹാരം നൽകുമെന്നും കമ്പനി അറിയിച്ചു.
പെപ്സിയുടെ ഉത്പാദനം ഏറ്റെടുത്ത വരുൺ ബിവറേജസ് കമ്പനി അടച്ചുപൂട്ടൽ നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. സേവന വേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം തുടരുന്നതിനിടെയാണ് കഞ്ചിക്കോട്ടെ പെപ്സി ഉത്പാദനം കേന്ദ്രം അടച്ചുപൂട്ടുന്നത്. 14 ദിവസത്തിനകം തൊഴിലാളികൾ സമരം അവസാനിപ്പിച്ചില്ലെങ്കിൽ കമ്പനി പൂട്ടുമെന്ന് നേരത്തെ വരുൺ ബിവറേജസ് മുന്നറിയിപ്പ് നൽകിയിരുന്നു.