ന്യൂഡൽഹി:നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾ ലയിപ്പിച്ച് നാലു തൊഴിൽ കോഡുകളാക്കിയ ബില്ലുകളാണ് ഇന്നലെ ലോക് സഭ പാസാക്കിയത്. അസംഘടിത മേഖലയ്ക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് ഉൗന്നൽ.
ജോലി സ്ഥലത്തെ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യം എന്നിവ സംബന്ധിച്ച കോഡ്, വ്യാവസായിക ബന്ധം സംബന്ധിച്ച കോഡ്, സാമൂഹിക സുരക്ഷാ കോഡ് എന്നിവയാണ് പാസാക്കിയത്.
ഇതിന്റെ ഭാഗമായ വേജസ് കോഡ് ബിൽ 2019ൽ പാസാക്കിയിരുന്നു.
ആനുകൂല്യങ്ങൾ വിശദമായി
അസംഘടിത മേഖലയും ഓൺലൈൻ ജീവനക്കാരും ഇൻഷ്വറൻസ്, ആരോഗ്യ, പ്രസവാനുകൂല്യങ്ങൾ, പി.എഫ് തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പരിധിയിൽ.
വർക്കിംഗ് ജേർണലിസ്‌റ്റുകൾക്ക് മൂന്നുവർഷം ജോലി ചെയ്‌താൽ ഗ്രാറ്റുവിറ്റി. വർക്കിംഗ് ജേർണലിസ്‌റ്റ് നിർവചനത്തിൽ ഡിജിറ്റൽ, ഇലക്ട്രോണിക് മാദ്ധ്യമങ്ങളും
അനിമേഷൻ, കാർട്ടൂൺ, ഡിജിറ്റൽ പ്രൊഡക്‌ഷൻ, വെബ് സീരിയൽ തുടങ്ങിയ തൊഴിൽ മേഖലകൾ ദൃശ്യമാദ്ധ്യമ നിർമ്മാണ മേഖലയുടെ ഭാഗം.
കരാറുകാരന്റെ കീഴിലും നേരിട്ടും ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ.
എല്ലാ അന്യസംസ്ഥാന തൊഴിലാളികളും തൊഴിൽ കോഡിന്റെ പരിധിയിൽ
അന്യസംസ്ഥാന തൊഴിലാളിക്ക് വർഷത്തിലൊരിക്കൽ നാട്ടിൽ പോകാനുള്ള ചെലവ് തൊഴിലുടമ വഹിക്കണം.
അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ഹെൽപ്‌ലൈൻ
തൊഴിലിടങ്ങളിലെ അപകടങ്ങളിൽ പിഴത്തുകയുടെ 50 ശതമാനം തൊഴിലാളികൾക്ക്
തൊഴിലിടങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ദേശീയ തൊഴിലിട സുരക്ഷാ ആരോഗ്യ ബോർഡ്.
പ്ളാന്റേഷൻ തൊഴിലാളികൾക്കും ഓൺലൈൻ തൊഴിലുകളിൽ ഏർപ്പെട്ടവർക്കും ഇ.എസ്.ഐ ആനുകൂല്യം.
കമ്പനികളുടെ രജിസ്ട്രേഷൻ, ലൈസൻസ് നടപടികൾ ലഘൂകരിക്കും.
സ്ഥാപനത്തിലെ 51ശതമാനത്തിൽ കൂടുതൽ ജീവനക്കാർ അംഗങ്ങളായ ട്രേഡ് യൂണിയന് തൊഴിൽ തർക്കങ്ങളിൽ ഇടപെടാൻ അധികാരം. ഇതില്ലെങ്കിൽ 20ശതമാനം തൊഴിലാളികളുടെ പ്രാതിനിധ്യമുള്ള ട്രേഡ് യൂണിയനുകൾ അടങ്ങിയ കൗൺസിലിന് അധികാരം.