ഭർത്താവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി ബോളിവുഡ് നടിയും മോഡലുമായി പൂനം പാണ്ഡെ. സെപ്തംബർ 10ന് സാം എന്ന് പേരുള്ളയാളെ വിവാഹം ചെയ്ത പൂനം ഭർത്താവുമായി തെക്കൻ ഗോവയിലെ ക്യാനകോണ ഗ്രാമത്തിൽ തന്റെ മധുവിധു ആഘോഷിക്കുകയായിരുന്നു.
ഹണിമൂൺ ആഘോഷത്തിനിടെയുള്ള തങ്ങളുടെ ഫോട്ടോകളും വീഡിയോകളും പൂനം പങ്കുവച്ചിരുന്നു. 'ഏറ്റവും മികച്ച ഹണിമൂൺ ആസ്വദിക്കുന്നു' എന്നാണ് ഇതിൽ ഒരു വീഡിയോയ്ക്ക് പൂനം അടികുറിപ്പിട്ടത്. എന്നാൽ ഇതിനു ശേഷം ഇങ്ങനെയൊരു പരാതിയുമായി രംഗത്തെത്തി നടി എല്ലാവരെയും അമ്പരപ്പിക്കുകയാണുണ്ടായത്.
സാം തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും, ഭീഷണിപ്പെടുത്തിയതായും പൂനം പറയുന്നു. ഇക്കാര്യം പുറത്തറിയിച്ചാൽ 'ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെ'ന്നും ഇയാൾ പറഞ്ഞതായി നടി പറയുന്നു. ഇപ്പോൾ, ഗോവയില്‍ ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൂനം.
ഇവിടെ വച്ച് തന്നെയാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കാട്ടി ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. ക്യാനകോണ പൊലീസ് സ്റ്റേഷനിൽ പൂനം നൽകിയ പരാതിയിൽ സാമിനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.