വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് പടർന്നുപിടിക്കുന്നതിന് കാരണം ചെെനയെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് മഹാമാരിയെ സംബന്ധിച്ച് ഐക്യരാഷ്‌ട്രസഭ സംഘടിപ്പിച്ച വെർച്വൽ സമ്മേളനത്തിലാണ് ട്രംപ് ഈക്കാര്യം എടുത്തുപറഞ്ഞത്. ഈ വെെറസ് പൊട്ടിപുറപ്പെട്ട രാജ്യമായ ചെെന തന്നെ ഇതിന് ഉത്തരവാദിത്തം വഹിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഓരോ രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത പൊതുസഭയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
വുഹാൻ നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത അട്ടിമറിക്കാൻ ചെെന ശ്രമം നടത്തിയിരുന്നുവെന്നും ഇതിൽ നിന്നും ചെെനയുടെ പങ്ക് വ്യക്തമാണെന്നും ട്രംപ് ആരോപിച്ചു. ലോകാരോഗ്യ സംഘടന പൂർണമായും നിയന്ത്രിക്കുന്നത് ചെെനയാണെന്നും ട്രംപ് പറഞ്ഞു.കൊവിഡ് രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുമെന്നതിന് തെളിവില്ലെന്ന ലോഗാരോഗ്യ സംഘടനയുടെ ആദ്യ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇതിനാൽ ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്ക പിൻമാറുന്നുവെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഐക്യരാഷ്ട്രസഭയിലെ ചൈനീസ് അംബാസിഡർ ഴാങ് ജുൻ ട്രംപിന്റെ ആരോപണങ്ങളെ തളളി.കൊവിഡിനെതിരായ പോരാട്ടം രാഷ്ട്രീയവത്കരിക്കരുതെന്നും ജുൻ പറഞ്ഞു.
അതേസമയം അമേരിക്കയിൽ കൊവിഡ് വെെറസ് രൂക്ഷമാവുകയും രണ്ട് ലക്ഷത്തോളം പേർ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ തന്റെ ഭരണ വീഴ്ച മറയ്ക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും വിമർശമുണ്ട്. നവംബർ മൂന്നിന് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ജോ ബിഡൻ വിജയിച്ചാൽ അമേരിക്കയെ ലോകാരോഗ്യ സംഘടനയിൽ നിലനിർത്താമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.