ബീജീംഗ്: ഇന്ത്യ-ചെെന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ ഒരു രാജ്യവുമായി യുദ്ധത്തിനാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചെെനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്‌ട്രസഭ സംഘടിപ്പിച്ച വെർച്വൽ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷി ജിന്‍പിംഗ്. ലോകത്തെ ഒരു രാജ്യവുമായും ശീതയുദ്ധമോ തുറന്നയുദ്ധമോ നടത്താൻ ചൈനയ്ക്ക് ഉദ്ദേശ്യമില്ലെന്നും കൊവിഡ് മഹാമാരിയെ രാഷ്‌ട്രീയവത്ക്കരിക്കരുതെന്നും ഷി ജിന്‍പിംഗ് പറഞ്ഞു.
അതോടൊപ്പം കൊവിഡ് വാക്സിൻ നിർമ്മിക്കാനുളള പരീക്ഷണം ചെെനയിൽ നടന്നുവരികയാണെന്നും വാക്സിൻ ലോക നന്മയ്ക്കായി പ്രയോജനപ്പെടുത്തുമെന്നും ഷി ജിന്‍പിംഗ് പറഞ്ഞു. മുൻഗണന അടിസ്ഥാനത്തിൽ വികസ്വര രാജ്യങ്ങൾക്ക് വാക്സിനുകൾ നൽകുമെന്നും ജിന്‍പിംഗ് പറഞ്ഞു. കൊവിഡിന് എതിരായ പോരാട്ടത്തിൽ ലോകാരോഗ്യ സംഘടനയുടെ പങ്ക് വളരെ വലുതാണെന്നും പ്രസിഡന്റ് ഷി കൂട്ടിച്ചേർത്തു.