zarina-vahab

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നടി സെറീന വഹാബ് ആശുപത്രി വിട്ടു. ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ നടിയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മുംബയ് ലിവാട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

'കഴിഞ്ഞ ആഴ്ചയാണ് സെറീന വഹാബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. പനിയും ശ്വാസതടസവും ഉണ്ടായിരുന്നു. അവർക്ക് ആവശ്യമായ എല്ലാ ചികിത്സയും നൽകി. അഞ്ച് ദിവസത്തിന് ശേഷം വീട്ടിലേക്ക് പോയി'-സെറീന വഹാബിനെ ചികിത്സിച്ച ഡോ. ജലീൽ പാർക്കർ പറഞ്ഞു.


'ഇപ്പോൾ ഡിസ്ചാർജ് ചെയ്യാൻ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആകേണ്ട ആവശ്യമില്ല. മുമ്പത്തെ മാനദണ്ഡങ്ങളായിരുന്നു അവ. നമുക്ക് അവരെ വീട്ടിലേക്ക് അയയ്ക്കാം, പോസിറ്റീവ് ആണെങ്കിൽപ്പോലും. കൊവിഡ് പോസിറ്റീവ് ആയതിന്റെ ആദ്യ ദിവസം മുതൽ 14 ദിവസത്തേക്ക് ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്.'-അദ്ദേഹം കൂട്ടിച്ചേർത്തു. 'അസ്വസ്ഥതകൾ മാറിയതിനെത്തുടർന്ന് ആശുപത്രി വിട്ട സെറീന ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്'-നടിയുടെ കുടുംബാം​ഗങ്ങളെ ഉദ്ധരിച്ച് ദേശീയ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.