car-accident

ന്യൂഡൽഹി: കൊവിഡ് കാലത്തും മദ്യപിച്ച് ലക്കുകെട്ട് രാത്രിയിലുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് കുറവൊന്നുമില്ല. രാജ്യം ലോക്ക്ഡൗണിലേക്ക് കടന്നപ്പോൾ റോഡുകളിലെ ദുരന്തവാർത്തകൾ വളരെ കുറഞ്ഞിരുന്നു. എന്നാൽ അൺലോക്കിലേക്ക് പ്രവേശിച്ചതോടെ മദ്യവും അപകടങ്ങളും രാജ്യത്ത് സുലഭമായി. ഇന്നലെ രാത്രി ഇത്തരത്തിലുളള അപകടം നടന്നത് രാജ്യതലസ്ഥാനമായ ഡൽഹിയിലാണ്.

തെക്ക്-കിഴക്കൻ ഡൽഹിയിലാണ് മെഴ്‌സിഡസ് ഒരു ഓട്ടോറിക്ഷയിൽ ഇടിച്ച് മൂന്ന് കാൽനടയാത്രക്കാർക്ക് പരിക്കേറ്റത്. നിയന്ത്രണങ്ങൾ വിട്ട് ഉല്ലാസയാത്ര നടത്തുകയായിരുന്ന കാർ മെക്കാനിക്ക് പ്രദേശവാസികൾക്ക് പേടി സ്വപ്‌നമായി മാറുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയ ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ന്യൂ സീലാംപൂർ നിവാസിയായ ആലം എന്ന മെക്കാനിക്കാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

ചോദ്യം ചെയ്യലിൽ അറ്റകുറ്റപണികൾക്കായി കാർ തന്റെ വർക്ക്ഷോ‌പ്പിൽ വന്നതാണെന്ന് ആലം വെളിപ്പെടുത്തി. വർക്ക്ഷോപ്പിൽ കിടന്ന കാറുമായി ആലം നഗരം ചുറ്റാൻ ഇറങ്ങുകയായിരുന്നു. കാറിൽ മദ്യമുണ്ടെന്നും മദ്യപിച്ച ശേഷം രണ്ട് സ്ത്രീ സുഹൃത്തുക്കളെ സവാരിക്ക് കൊണ്ടുപോയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

ട്രാഫിക്ക് ലൈറ്റിന് സമീപം എത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഡിവൈഡറിന് കുറുകെ ചാടിയ കാർ കാൽനടയാത്രക്കാരെ ഇടിക്കുകയായിരുന്നുവെന്ന് തെക്കുകിഴക്കൻ ഡൽഹിയുടെ ചുമതലയുളള ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആർ‌.പി മീന പറഞ്ഞു. കാർ റീസ്‌റ്റാർട്ട് ചെയ്‌ത് രക്ഷപ്പെടാൻ വേണ്ടി ആലം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

അപകടസ്ഥലത്ത് ജനക്കൂട്ടം തടിച്ചുകൂടിയത് ആലത്തിന് രക്ഷപ്പെടാനുളള വഴികൾ അടയ്‌ക്കുകയും വലിയ ഗതാഗത കുരുക്കിന് കാരണമാവുകയും ചെയ്‌തു. കാറിനുള്ളിൽ നിന്ന് ബീയർ കുപ്പികളും ഭക്ഷ്യവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ബ്രിജേഷ്, മഹേന്ദർ, സുരേഷ് എന്നീ പരിക്കേറ്റ കാൽനടയാത്രക്കാരെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ സച്ചിൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.